ടെക്ലോകം ✍️.
ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നത് തുടരുന്നുകൊണ്ടിരിക്കുകയാണ്. വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐഫോണിൽ iOS 18.2 അപ്‌ഡേറ്റ് ചെയ്തവർക്ക് കോളുകൾ ചെയ്യുമ്പോഴോ സന്ദേശങ്ങൾ അയയ്ക്കുമ്പോഴോ ഐഫോണുകൾക്ക് ഇപ്പോൾ ഡിഫോൾട്ട് ഫോൺ അല്ലെങ്കിൽ മെസേജസ് ആപ്പിന് പകരം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും. അതിന് മുമ്പ് മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമായ സവിശേഷതകൾക്ക് സമാനമായി വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് സംഗീതം ചേർക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു. സംഗീതത്തിന് പുറമേ, ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ലൊക്കേഷൻ ചേർക്കാനും കഴിയും. വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ലൊക്കേഷൻ എങ്ങനെ ചേർക്കാമെന്ന് നോക്കാം. അതിനായി വാട്‌സ്ആപ്പ് തുറന്ന് ‘അപ്‌ഡേറ്റുകൾ’ ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക. ശേഷം ഗാലറിയിൽ നിന്ന് ഫോട്ടോയോ വീഡിയോയോ തിരഞ്ഞെടുക്കുക.
അല്ലെങ്കിൽ ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുക. ശേഷം സ്‌ക്രീനിന്റെ മുകളിലുള്ള ‘സ്റ്റിക്കർ’ ഐക്കണിൽ ടാപ്പ് ചെയ്യുക. ഇപ്പോൾ, ‘ക്ലോക്ക്’ ഐക്കണിന് സമീപം സ്ഥാപിച്ചിരിക്കുന്ന ലൊക്കേഷൻ സ്റ്റിക്കർ കാണാൻ സാധിക്കും. അതിൽ ലൊക്കേഷൻ സ്റ്റിക്കർ ടാപ്പ് ചെയ്യുക, തുടർന്ന് നിങ്ങളുടെ സ്റ്റാറ്റസിൽ ടാഗ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലം തിരയുക. നിങ്ങളുടെ തത്സമയ ലൊക്കേഷൻ പങ്കിടാനും ഇതിലൂടെ സാധിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സമ്പർക്കം പുലർത്താൻ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. 400 ദശലക്ഷം ഇന്ത്യൻ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ഭാഗമായ ഒരു ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് സേവനമായ വാട്‌സ്ആപ്പ് ഉപയോക്താക്കളെ കൂടുതൽ സജീവമാക്കുന്നതിനായാണ് ലൈവ് ലൊക്കേഷൻ ഷെയറിംഗ് എന്ന മറ്റൊരു സവിശേഷത കൂടി അവതരിപ്പിച്ചിട്ടുണ്ട്. മെസ്സേജിംഗിനും കോളിംഗിനുമായാണ് വാട്സ്ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ഉപയോക്താവിന്റെ ലൊക്കേഷൻ പങ്കിടാൻ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്ന് പലർക്കും അറിയില്ല. തത്സമയ ലൊക്കേഷൻ സവിശേഷത ഉപയോഗിക്കുന്നതിലൂടെ, നിങ്ങളുടെ നിലവിലെ അല്ലെങ്കിൽ അടുത്തുള്ള ലൊക്കേഷൻ പങ്കിടാനാകും.
ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഒരു വാട്സ്ആപ്പ് ലൊക്കേഷൻ എങ്ങനെ അയയ്ക്കാമെന്നത് നോക്കാം. അതിനായി ആദ്യം വാട്സാപ്പിലെ ‘Chats’ എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക. അതിനുശേഷം നിങ്ങൾ ലൊക്കേഷൻ അയയ്ക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പിലോ വ്യക്തിയിലോ ടാപ്പ് ചെയ്യുക. ശേഷം സ്‌ക്രീനിന്റെ താഴെ കാണുന്ന നിങ്ങളുടെ സന്ദേശ ഫീൽഡിലെ പേപ്പർക്ലിപ്പ് ഐക്കണിൽ ടാപ്പ് ചെയ്യുക. ‘Location’ ഐക്കണിൽ ടാപ്പ് ചെയ്യുക. ലിസ്റ്റിൽ നിന്ന് ഒരു ലൊക്കേഷൻ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ‘Share live location’ ക്ലിക്ക് ചെയ്തശേഷം ”Send” ബട്ടണിൽ ടാപ്പ് ചെയ്യുക. ഇതോടെ വാട്സാപ്പ് ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയും. ഇനി നിങ്ങൾ ഐഫോൺ ഉപഭോക്താവാണെങ്കിൽ ഐഫോൺ ഉപയോഗിച്ച് ലൊക്കേഷൻ പങ്കിടുന്നത് എങ്ങനെയാണന്ന് നോക്കാം.നിങ്ങളുടെ ഐഫോണിൽ വാട്സ്ആപ്പ് തുറക്കുക. ശേഷം ‘Chats’ ടാപ്പ് ചെയ്യുക. നിങ്ങൾ ലൊക്കേഷൻ അയയ്ക്കാൻ താൽപ്പര്യപ്പെടുന്ന ഗ്രൂപ്പിലോ വ്യക്തിയിലോ ടാപ്പ് ചെയ്യുക ചുവടെ ഇടത് കോണിലുള്ള പ്ലസ് ചിഹ്നത്തിൽ ടാപ്പ് ചെയ്യുക. ‘Location’ ടാപ്പ് ചെയ്യുക. നിങ്ങളുടെ ലൊക്കേഷൻ എല്ലായ്പ്പോഴും പങ്കിടാൻ ആഗ്രഹിക്കുന്നുണ്ടോ അല്ലെങ്കിൽ ‘Only While Using the App’ എന്ന് നിങ്ങൾക്ക് ഒരു പ്രോംപ്റ്റ് ലഭിക്കും. അതിൽ ”Send Your Current Location’ അല്ലെങ്കിൽ ‘Share Live Location’ തിരഞ്ഞെടുക്കുക. ‘Send’ ബട്ടണിൽ ടാപ്പ് ചെയ്ത് കഴിഞ്ഞാൽ ലൈവ് ലൊക്കേഷൻ അയക്കാൻ കഴിയും.