മനോരോഗിയായ എൻ്റെ മുറി ,
ഞാൻ പോകുന്നുവെന്ന്
ഒരൊറ്റ വരിയെഴുതി വച്ചിട്ട്
വീട്ടിൽ നിന്നിറങ്ങിപ്പോയതാണ്
ഇപ്പോൾ ഞാൻ കാണുന്ന സ്വപ്നം
ഒരിക്കലും ,
അടങ്ങിയൊതുങ്ങി കിടക്കാത്തതിന്
ഉറങ്ങും മുമ്പ്
ഞാൻ വല്ലാതെ ദേഷ്യപ്പെട്ടിരുന്നു
എപ്പോഴും
നിറയെ തൂവലുകൾ പാറിക്കളിക്കുന്ന
എൻ്റെ മുറിയോടെനിക്ക്
വല്ലാത്ത പ്രണയമായിരുന്നു
മുറിയിൽ പാറി നടക്കുന്ന
എൻ്റെ തലമുടിയിഴകൾ
എന്നെക്കാണാതെ വിഷമിക്കുമല്ലോയെന്ന്
ഞാൻ വിങ്ങിപ്പൊട്ടി
എന്നെ കാണുമ്പോഴേ ചിരിക്കുന്ന
കണ്ണാടിയിൽ ,
ഞാൻ തൊടുവിച്ചിരുന്ന
പല തരം സ്റ്റിക്കർ പൊട്ടുകൾ
ഇത്രയും പനിച്ചു പൊള്ളുന്നൊരു നെറ്റി കിട്ടാതെ ,
നരച്ച്,
രോമം കൊഴിച്ച് വികൃതമായിപ്പോയേക്കും
എൻ്റെ കിടക്ക മാത്രമിനി
കണ്ണീരു വീണ്
ഉറക്കം ഞെട്ടാതെ രക്ഷപ്പെടുമായിരിക്കും
കുളിമുറിയുടെ വാതിലിൽ
ഞാനഴിച്ചു വച്ച ,
എൻ്റെ സ്ലിപ്പറുകളിൽ പതിഞ്ഞ
എൻ്റെ വിരലുകളുടെ
പാടുകൾ ,
ഞാനെവിടെയെന്നമ്പരന്ന്
കണ്ണു മിഴിച്ചു നോക്കുന്നുണ്ടാവും
കിടക്കും മുമ്പ് ,
പാതി പോലുമെത്തിക്കാതെ
ബാക്കി വച്ച എൻ്റെ കവിതയിനി
ഭ്രൂണജീവിതത്തിൽ നിന്ന്
മരിച്ചു പോകുമായിരിക്കും
എൻ്റെ സ്വപ്നത്തിൽ നിന്ന് ,
ഞാനുണർന്നാൽ
എൻ്റെ മുറി തിരിച്ചോടി വന്നേക്കും
ഒന്നു കൺതുറന്നാൽ
എൻ്റെ വിയർപ്പുഗന്ധം
വലിച്ചുടുത്ത് ,
തോന്ന്യാസിയായി അഴിഞ്ഞുലഞ്ഞു കിടക്കുമായിരിക്കും
ആരെങ്കിലുമെന്നെയൊന്നുണർത്തണേ ,
ആരെങ്കിലും …

By ivayana

Leave a Reply

Your email address will not be published. Required fields are marked *