രചന : മേരി കുൻഹു ✍
ഞാൻ
കുഞ്ഞൂരിലെ ചീരു
പട്ട മേഞ്ഞകൂരയിൽ
പിറവി കൊണ്ടവൾ
ഒരു ചോത്തിക്കിടാത്തി…
പൊക്കിൾക്കൊടി
മുറിഞ്ഞുവീണു കരഞ്ഞു
കൺ തുറന്ന നാൾ തൊട്ടേ
കണ്ടതൊക്കെ
ചുവപ്പായിരുന്നു.
കമ്മു നാണുവിന്റെ
മകൾക്കു കാണുവാൻ
ചുകപ്പല്ലാതെ മറ്റു
നിറങ്ങളില്ല.
പഠിച്ചു മുന്നേറവേ കിട്ടിയ
സമ്മാനങ്ങളൊക്കെയും
ചുവപ്പിൽ വെള്ള നെൽ –
ക്കതിരുള്ള മെഡലുകൾ,
ഹൃദയ ഭിത്തികളിലതു തൂക്കി
നാടു നോക്കിപുഞ്ചിരിച്ചു.
അന്നു നാടങ്ങനെയായിരുന്നു.
അന്ന് ഇ.എം.എസ്സ്
ഒളിവിലിരിയ്ക്കാൻ
എത്തിച്ചേർന്നത്
നാണൂന്റെ കൂരയിൽ;
തിരഞ്ഞെത്തിപോലീസ്.
ഇ.എം.എസ്സ്
നാണൂന്റെ നുകത്തിൽ
നാണൂന്റെ കാളയെപ്പൂട്ടി
നാണു കൊത്തി –
ക്കിളച്ചെടുത്ത
നാണൂന്റെ
ചേറു പാടത്ത്
നാണൂന്റെ
പാളത്തൊപ്പി
അണിഞ്ഞ്കന്നുപൂട്ടി.
അന്നീയമ്മസ്സ് നാണുവായി;
നാണു ചേമ്പ്രക്കുന്നത്ത്
നരിമടയിലൊളിച്ചിരുന്നു.
കോങ്ക്രസ്സിന്റെ പോലീസ്
തിരിഞ്ഞു മറിഞ്ഞ്
നാണൂനെ പിടിച്ചടിച്ച് –
കാലിൻ്റെ അടി തകർത്ത്
അഴിയ്ക്കകത്തിട്ടടച്ചു
അപ്പൊഴും
എവിടെ ഇയ്യമ്മസെന്ന്
ചോർന്നില്ലൊരോർച്ചയും.
വ്രണംപഴുത്ത കാലുമായ്
നൊണ്ടി നൊണ്ടി
പുറത്തുവന്ന
നാണു
നൊണ്ടിക്കാലനായി.
കന്നില്ലാതെ നുകമില്ലാതെ
പാടമില്ലാതെ
നൊണ്ടി നൊണ്ടി
നാണു
കമ്മുവിനാളെ ക്കൂട്ടി ,
കൂട്ടിനു
മുറുക്കാൻ പൊതി
ചുവന്ന തോൾസഞ്ചിയിലിട്ട്
രാവറിയാതെ പകലറിയാതെ
നടന്നലഞ്ഞ
ചെറുകാടിനേയും കൂട്ടി.
അന്നമ്മ പതിവായന്തി –
ക്കഞ്ഞി കരുതി വച്ചു
ഒപ്പം നാലു കല്ല്
ഉപ്പും രണ്ടു
മുളകിൻ ചുണ്ടും.
അന്നതു മതി
നടന്നലഞ്ഞ സഖാക്കൾക്കു –
വിശപ്പു തീർത്ത്
സുഖമായൊന്ന്
നടു നൂർക്കുവാൻ ;
ഒരു മുറിബീഡിയുണ്ടെങ്കിൽ
ഇരിപ്പിടം വൈകുണ്ഠവും.
അന്നു കമ്മ്യൂണിസം
കരുണയായിരുന്നു.
അന്ന്
സഖാക്കൾക്കെക്കാലവും
അരിയെത്തിച്ചതും
ചെങ്കൊടിയൊരായിരം
തുന്നിച്ചതും
നാടാകെ തോരണമിട്ടതും
ഒരു നസ്രാണി
കൊച്ചുണ്ണിയും.
അന്ന്
പാവങ്ങൾക്ക്
ഉതിരുന്ന കണ്ണീർ തുടയ്ക്കാൻ
ഉയരുന്ന കരങ്ങളുണ്ടായിരുന്നു.
തകരുന്ന ജീവനിൽ നിന്നാശ –
യൂറ്റിയൂറ്റിക്കുടിച്ചു ചീർക്കുന്ന
ഡ്രാക്കുള ജന്മങ്ങളന്ന്
കമ്മുക്കളല്ലായിരുന്നു.
അന്ന് നാണു
കെട്ടിപ്പടുത്തുയർത്തി ;
വള്ളുവനാട്ടിന്റേതു
മാത്രമായ –
ഒരിസത്തിന്റെ
ചെങ്കൊടിത്തറ.
അറിഞ്ഞതേയില്ല നാണു
മാർക്സാരാണെന്ന് ;
ചെറുകാടത്
പഠിപ്പിച്ചുമില്ല
പഠിപ്പിച്ചതൊക്കെയും
ചോരയിറ്റാത്ത
ഒരു മഹാഇസം.
ഇരുവരും കരുണയറിഞ്ഞു
മമതയറിയിച്ചു
കരുതലറിയിച്ചു.
അന്ന്
നാണു അനന്തയിലേക്കു –
നാട്ടിയ ചെങ്കൊടിയുടെ
പ്രാണൻ ,
ഇന്ന്
പട്ടടയിലമർന്നു ചാമ്പലാവുന്നൊരു
തീ വെളിച്ചം കണ്ടമ്പരന്ന്
ഇതാ …
നാണുവിന്റെ
മകൾ
ഒന്നു തേങ്ങാൻ പോലു-
മാവാതെ കണ്ണീരു വറ്റി
ഒച്ച മുട്ടി
നില്ക്കുന്നു.
ചെങ്കൊടി വിട്ടു
പറന്നുയർന്ന
നക്ഷത്രമായ്
നാണു
അപാരതയിൽ
കൺപാർത്തു
നില്ക്കുന്നുണ്ടാവും!
