രചന : രാജു വിജയൻ ✍️
ഇനിയൊരു ജന്മമുണ്ടെങ്കിലെൻ പെണ്ണേ നീ
നീയായ് തന്നെ ജനിച്ചിടേണം..
തമ്മിൽ കണ്ടുമുട്ടീടുവാൻ വൈകാതെ വേഗേന
ബാല്യത്തിലേ കൂട്ടു ചേർന്നിടേണം…
കളിപ്പറമ്പിൽ തൊട്ടേ കൂട്ടുകാരാവേണം
കളിപ്പുര കൂട്ടിൽ നീ കൂട്ടിനായെത്തേണം
തൊട്ടയൽപക്കത്തെ സ്വപ്നമായീടുവാൻ
അയൽക്കാരികുട്ടിയായ് നീ ഉണർന്നെണീറ്റീടേണം..
പാതിമുക്കാലും നടന്ന വഴികളിൽ, ഞാനെന്ന
പാതിക്കൊരഭയമായ് തീരണം..
പാപിയെന്നേറെ വിളിച്ചവർ തൻ മുന്നിൽ
പട്ടമഹിഷിയെപ്പോൽ നീ വിരാജിക്കണം..
ഓട്ടകാശാണെന്നോരീ ജന്മ ഭാരത്തെ
ഒക്കത്തിരുത്തി നീ ഊർവലം ചുറ്റണം
പ്രാണന്റെ പാതിയായ് എന്നിൽ വന്നന്നു നീ
എന്നിലെ പാടുന്ന ചന്ദ്രികയാവണം…
ഈ ജന്മ സുന്ദര സുരഭില നാളുകൾ
ചിന്നതിലേ നമുക്കെന്നുമുണ്ടാവണം
സ്നേഹിച്ചു കൊതിതീരാ കണ്ണുകൾ നിറയാതെ
വിങ്ങുമെന്നുൾത്തടം നീ ഭരിച്ചീടണം..
ബാക്കി വക്കാനൊന്നുമില്ലെന്നതു പോലെ
ഭാഗ്യമീ ജന്മം നമുക്കു ജീവിക്കണം
ജീവനിൽ ജീവൻ കൊരുത്തു വച്ചീടണം
ജീവന്റെ ജീവനായ് ജന്മം പകുക്കണം..
ജീവന്റെ ജീവനായ് ഈ ജന്മം പകുക്കണം…
ജീവന്റെ ജീവനായ് ഈ ജന്മം പകുക്കണം…
