രചന : ജോസഫ് മഞ്ഞപ്ര ✍
മൗനം വാചാലമാണ് സഖി
മനസ്സിന്റ ഉൾ കൂടിനുള്ളിലുറങ്ങുന്നയെൻ
പ്രണയാക്ഷരങ്ങൾ തേങ്ങുന്നു
ഈ ഇഴ പൊട്ടിയ തംബുരു നാദം പോൽ
എങ്ങോ എവിടെയോ കളഞ്ഞുപോയ സ്വപ്നങ്ങൾ തൻ
നിറമില്ലാത്ത കുപ്പിവള പൊട്ടുകൾ
ഹൃദയത്തിൽ തറയ്ക്കുന്നു കാരമുള്ളുപോലെ
എന്റെ തൂലികയിൽ
ഒഴുകുന്നു ഹൃദയരക്തം
ഒരു നദി പോൽ അനസ്യൂതം.
എങ്കിലുമെൻ ഏകാന്ത സന്ധ്യകളെ
വരുമോ നീയൊരു സാന്ത്വനമായി
തന്ത്രികൾ പൊട്ടിയോരിതംബുരുവിൽ
എങ്ങിനെ ഞാൻ ശ്രുതി ചേർക്കും
എങ്ങിനെ ഞാൻ പല്ലവി പാടും
അനുപല്ലവി പാടാൻ നീയില്ലെങ്കിൽ
വരുമോ സഖി ഇനിയെങ്കിലും
ഒരു മാത്ര മാത്രമെൻ തംബുരുവിൽ
ശ്രുതി ചേർക്കുവാനായി
