രചന : ബിജുകുമാർ മിതൃമ്മല ✍
ഒരുവൻ
പിൻതിരിഞ്ഞോടുകയാണ്
അർത്ഥിച്ചിട്ടും അപേക്ഷിച്ചിട്ടും
കിട്ടാത്ത ദയയിൽ നിന്നും
അവനെ ജനം ഓടിച്ചിട്ട് കല്ലെറിയുകയാണ്
പാപം ഒന്നും ചെയ്യാത്തവർ
എവിടയോ വീണ്ടും
ക്രിസ്തു പുനർജനിക്കുന്നു
ചിരിച്ച മുഖവുമായി
സഹനത്തിനും
അതിരുണ്ടെന്നൊരു അറിവിന്റെ വടിയുമായി
മൗനം ഭഞ്ജിച്ചൊരുവൻ
വായതുറക്കാൻ തുടങ്ങുമ്പോൾ
കേൾവിക്കാരില്ലാതെ
അനാഥനാവുന്നു
തെറ്റു ചെയ്യാത്തവർ
കല്ലെറിയട്ടെയെന്ന്
ക്രിസ്തു ഉറക്കെ അലറുന്നു
ഒരു നിമിഷം പോലും
ശ്രവിക്കാതെ വീണ്ടും
പാപത്തിന്റെ ഫലം മരണമാണെന്ന് വിധിക്കുന്നു
പിറ്റേന്ന് അവൻ
വാഴ്ത്തപ്പെട്ടവനാകുന്നു
സോഷ്യൽ മീഡിയകളിൽ
ചിരിച്ചിരിക്കുന്നു
മാറിലൊരു പനിനീർപുഷ്പം
ചേർത്തൊട്ടിച്ചിരിക്കുന്നു
കല്ലെറിഞ്ഞ കരങ്ങളവന്റെ
കരുണയുടെ കവിത രചിക്കുന്നു
ഇമോജികളവന്റെ
പൂച്ചെണ്ടുകളാവുന്നു
ആരോ ഒരാൾ മാത്രം
ആത്മാർത്ഥമായി എങ്ങോ
കരയുന്നു…