ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ വിഷു ആശംസകൾ !

നിന്റെ നിശ്വാസമേൽക്കാതെ,
നിൻസ്നേഹപ്പുതപ്പു മൂടിടാതെ,
നിൻകരലാളനമില്ലാതെ,
വഴിയില്‍ വലിച്ചെറിയപ്പെട്ട
കഴുത്തൊടിഞ്ഞ പാവക്കുട്ടിയെപ്പോലെ,
തണുത്തു മരവിച്ച കിടക്കയിൽ
അതിലെറെ മരവിച്ച മനസ്സുമായി
ഇനി ഞാനുറങ്ങട്ടേ!
മരവിച്ച പാവംമനസ്സും വപുസ്സും
സ്‌നേഹമാമെണ്ണ തടവി,
പുനർജ്ജനിപ്പിച്ചു നീയന്നൊരിക്കൽ.
സ്നേഹത്തിൻചൂടുള്ള സൂര്യനുദിച്ച
നാളുകളോർമ്മയിൽ..
സ്വപ്നങ്ങളെല്ലാം ഓടിയൊളിച്ച മനസ്സോടെ
ഇനി ഞാനുറങ്ങട്ടേ വീണ്ടും.
പോവുക മൽപ്രാണസ്നേഹിതാ നിൻമുന്നിൽ
നീണ്ടുകിടക്കുന്നു ജീവിതതാരകൾ.
വിട്ടേക്കുകീ പാഴ്ചെടിയെ
നിൻകാൽക്കലായ് ചവിട്ടേറ്റുണങ്ങി
ക്കിടക്കുമീ മുൾച്ചെടിയെ.
കാരണമെന്തെന്നറിയാത്തൊരുൾ
ഭയമെന്നെ ഭരിക്കുന്നു പ്രാണനാഥാ
നെഞ്ചുപിടയുന്നൂ കണ്ണിൽ, തലച്ചോറി-
ലഗ്നി പടരുന്നെൻപ്രിയതമാ കേൾ.
എൻനെഞ്ചിനുള്ളിലായൊരു കിളിക്കുഞ്ഞു
ചിറകടിച്ചോടുന്നതറിയുന്നോ നീ.
ഒരുദിവസംകൊണ്ടു വാടുന്ന പൂവുപോൽ
വീണുപോകരുതെന്റെ ഹൃദയത്തിൽനിന്നു നീ.
രാത്രിയിൽ കണ്ടൊരു നല്ല കനവുപോൽ
മാഞ്ഞുപോയെന്നോ പ്രണയമേ നീ.
ഇന്നു കനവിലും നാളെ നിനവിലും
വന്നെത്തുമെന്നുള്ളൊരാശയോടെ
ചെന്നു ശയനഗൃഹമേറുന്നു
ഇനി ഞാനുറങ്ങട്ടേ ശാന്തിയോടെ🙏🏾

നളിനകുമാരി എൻ പി

By ivayana

Leave a Reply

Your email address will not be published. Required fields are marked *