രചന : അശോകൻ പുത്തൂർ ✍
ഞങ്ങടെ നാട്
കഴുകിൻ കുരുക്കുപോലെ
ചോരയിൽ വളഞ്ഞിട്ട
ഒരു ദ്വീപ്.
ദൂരെ നിന്നു നോക്കിയാൽ
തീകൊണ്ട് വരഞ്ഞ
ചിത്രം പോലെ……………..
തോക്കിൻ
കുഴലിനു മുകളിൽ
സ്വാതന്ത്ര്യപ്പതാക.
ദേശീയ ഗാനത്തിന്
ഇപ്പോൾ
ആരുടെ നിലവിളിത്താളമാണ്
വർഗ്ഗീയതയുടെ
മൈൻ കുറ്റികൾക്ക് മുകളിലിരുന്ന്
സമാധാനത്തിന്റെ ഓശാന.
ഫാസിസത്തിന്റെ
ശൂലമുനയ്ക്കു താഴെ
നിയമത്തിന്റെ പാമ്പാട്ടം
അക്ഷരങ്ങൾക്ക്
കണ്ണുകൊണ്ട് മെത്ത.
കാതറുത്ത് പുതപ്പ്.
കണ്ണു ചൂഴ്ന്നരഞ്ഞാണം
അസ്ഥികൊണ്ട് അലങ്കാരങ്ങൾ
ഓർക്കുക
മരണവും ജീവിതവും
ആരുടേയും ഔദാര്യമല്ല.
എല്ലാരും ഉത്സാഹിക്കുക
അശാന്തിയിലേക്ക്
ഇനി അധികദൂരമില്ല……
