ഇത് ഡമാസ്കസിൽ നിന്നാണ്!
ഇന്നലെ സഫേദ മരങ്ങൾക്കിടയി –
ലൂടെ നമ്മൾ ചുവന്ന സൂര്യനെ
വരച്ചത്……?
അസ്തമയം ചുവപ്പ് വിരിച്ച് തണുത്ത് കറുക്കുമ്പോൾ
നീയപ്പോഴില്ല?
എൻ്റെ പേനയാണ് നിൻ്റെ
ചരമക്കുറിപ്പെഴുതിയത്!
പ്രിയ മോൺട്രി സെൻറോ…… ഓർമ്മകളുടെ കയ്പ് പടർന്ന
ഒരു വേനലാണല്ലോ ഇത്?
മണമില്ലാത്ത ഈ കടലാസു പൂക്ക-
ളാണല്ലോ നിൻ്റെ കാറ്റിനെ
പുതപ്പിച്ചത്?
നൂൽപ്പാലങ്ങൾ താണ്ടിയ ജീവിത-
വ്യഥയുടെ നരകത്തിലേക്ക്
നീയെത്തിയോ എന്നറിയില്ല?
🌹
സ്വർഗ്ഗത്തിലെ ഒരുഞ്ഞാൽക്കട്ടിൽ –
നിനക്കുള്ളതല്ലെന്ന് ഞാനന്നേ
പറഞ്ഞിരുന്നു !
ഒരു വിയോഗം !?
എൻ്റെ താക്കോൽക്കൂട്ടങ്ങളുടെ
മൗനം ഇനി തുടരും!
അറയ്ക്കകത്ത് സൂക്ഷിച്ച നിൻ്റെ
ഓർമ്മകളിൽ നിന്ന് ഞാനൊന്ന്
എടുത്തു മാറ്റുന്നു!?
ഒരു കാൽച്ചിലങ്ക…….!
പണ്ട് പറഞ്ഞ വാക്കുകളിൽ
ചിലത് ? ചിരികളിൽ നിന്ന്…..
അട്ടഹാസങ്ങളിൽ നിന്ന് പാതി……
നിൻ്റെ ചുണ്ടിലെ അസ്തമയത്തിൻ്റെ പാതി…….
🌹
ഇനി നീ പാടിയ കവിതകൾ
ഞാനെന്തു ചെയ്യും?
നീലച്ഛവിയിലെഴുതിയ ഓർമ്മകളി –
ലെ പാട്ടുകളെന്തു ചെയ്യും?
കടൽനീലയോളമുള്ള സ്വപ്നങ്ങളെ?
പീലിത്തണ്ടുലച്ച സായന്തനങ്ങളി –
ലെ ഓർമ്മകളെ?
അന്തിവാനിൽ പറന്നു പോയ
പക്ഷികളിലൊന്ന് നീയെന്ന് പറയും
മുമ്പ് നീ പോവുകയാണോ?
ഇനി ഇന്നു മുതൽ എൻ്റെ
ഹൃദയമിടിപ്പുകൾക്കും മൗനം!?
മരണങ്ങളുടെ മഹായാനങ്ങളിലേ-
ക്ക് ആകാശത്തിലെ മഞ്ഞുകണങ്ങൾ വീഴുന്നതും
കാത്ത് ഞാനിരുപ്പാണ് ?
🌹
ഡമാസ്കസിൽ മരങ്ങളുടെ
വേരുകളിൽ ചൂടിറങ്ങി നിൻ്റെ
സ്വപ്നങ്ങളിലേക്ക് ഒരാകാശം
കറുത്തിറങ്ങിയെന്നോ?
എങ്കിലും എൻ്റെ പേനയാണ് നിൻ്റെ
ചിരികളെ കുറിച്ച് ഒരു
കവിതയെഴുതിയത്!
നിലപ്പനകൾക്കിടയിലെ നിലാവുകൾക്കിടയിലിരുന്നാണ്
നീയെന്നെ വായിച്ചതെന്നാണോ?
അന്ന് ചന്ദനമരങ്ങൾ പൂത്തിരുന്നു!
പക്ഷെ എൻ്റെ മനസ്സിലിപ്പോഴും
മരിയാന ട്രഞ്ചിലെ ഇരുട്ടിൻ്റെ
കനം നിറഞ്ഞു കിടന്നിരുന്നു !
നമ്മളന്നും കണ്ടിരുന്നു – തണുവ്
വീണ് കിടക്കുന്ന പവലിയനുകൾ!
🌹
നമ്മുടെ സ്വപ്നങ്ങളപ്പോൾ
സഫേദ മരങ്ങളെ തൊട്ടു
കിടന്നിരുന്നു !
അംബരചുംബികളായ മരങ്ങൾ
സ്വപ്നങ്ങളുടെ ഇരുട്ടിന് മുകളിൽ
പടർന്ന് കിടന്നിരുന്നു !
എൻ്റെ പേനയാണ് നിൻ്റെ ഒലിവ് –
നിറമുള്ള കവിതകൾക്ക് മുകളിൽ
പരതി നടന്നത് !
എൻ്റെ ഹൃദയമിടിപ്പാണ് നിൻ്റെ
കാഴ്ച്ചകളുടെ വിസ്മയങ്ങൾക്ക്
മുകളിൽ വിറച്ചു കിടന്നത് !
ആർദ്രതകളുടെ നാഡീമിടിപ്പുകൾ
വികാരങ്ങളുടെ തീക്കണങ്ങളിൽ
പൊള്ളിയപ്പോഴാണ് നമ്മുടെ
പ്രണയം ഒന്ന് വിയർത്ത്
പിടഞ്ഞത്…..!!?
🌹
നമ്മളന്ന് സിനഡിലെ ആ വെളുത്ത
ശ്മശാനത്തിനരികെ ആരോ
ഉപേക്ഷിച്ചു പോയ പൂക്കളെ കുറിച്ച്?
കായ്കൾ മുളയ്ക്കാത്ത
ഗ്രീഷ്മത്തിലെ ചത്തുപോയ
ചിരികളെ കുറിച്ച്?
പോകുമ്പോൾ എൻ്റെ
പേനയും കൂടി……!!!!
ഞാനൊന്ന് എഴുത്ത് നിർത്തട്ടെ???
🌹
( ഈ കവിത റഷ്യൻ എഴുത്തുകാര നായ മിഖായേൽ ഷൊളോഖോവി-
ന് സമർപ്പിക്കുന്നു)
🌹🌹🌹🌹🌹🌹

ബാബുരാജ് കടുങ്ങല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *