വ്രതശുദ്ധി മറന്ന വിഷുപുഷ്പം
വിഷുപ്പുലരിയെ വരവേൽക്കാൻ
കൊതിയ്ക്കും
കണിക്കൊന്നക്കിപ്പോൾ
വിഷു പേരിൽ ചമഞ്ഞുടുക്കാൻ
നിറമില്ല.
വെറും ശ്യാമവർണ്ണമായ്
കനത്ത്
അതു മലയാള മണ്ണിൽ
അനാദരവിൻ്റെ വെറുമൊരു
അടയാള പുഷ്പം.
ഒരു മിത്തിൻ്റെ അനുഗൃഹവർഷം
നനഞ്ഞ്
ഉത്സവപ്പുലരിയിൽ പോലും
കനകപുഷ്പമായ്
ജീവിക്കാനേ കഴിയാത്ത
കാരുണ്യം;
ഈ കണിക്കൊന്ന.
പണ്ടുതൊട്ടേ ഋതു ഭംഗിയിൽ
പൊടിച്ച്
ഉത്സവ നേരം മന:പാഠമാക്കി
മനം നിറയെ
ഉടൽ നിറയെ പൂക്കാൻ
കൊതിയ്ക്കും
കണിക്കൊന്ന യിപ്പോൾ
മന:ക്കണ്ണിൽ അഗ്നി ചുമക്കും
ഒരു വേവലാതിപ്പൂ മരം.
വിഷുക്കാലത്ത്
ശ്യാമവർണ്ണത്തിൻ സ്വർണ്ണ
പതക്കത്താൽ
ഭൂമി വിശേഷങ്ങൾ കാലത്തിൽ
എഴുതി വെച്ച നാണം കുണുങ്ങി
പൂവ്.
ഇപ്പോൾ സൂര്യ നക്ഷത്രം
ഒരു വെളിച്ചമാവാതെ
ഞെരിപ്പോടായ്
വാക്കു തെറ്റുമ്പോൾ
ഋതു ഭയത്താൽ തിളക്കമറ്റ്
ജീവിയ്ക്കുമൊരു
പേടിത്തൊണ്ടൻ സാധുമരം
കണിക്കൊന്ന .
ആകാശത്തു മഴമായുമ്പോൾ
വേരു പടർപ്പിൽ ഭയത്തിൻ്റെ
രസം പെറ്റ്
ആത്മഹത്യയുടെ അസംബന്ധങ്ങളിൽ ജീവിക്കുന്ന
ഹതഭാഗ്യയല്ലേ
ഇന്നീ കൊന്നപ്പൂ മരം.
വിഷുക്കണി കണ്ടുണരാൻ
കൊതിയൂറും
ബാല്യങ്ങളുടെ നഷ്ട ബോധ്യ
ഹൃദയമാണല്ലോ
കാഴ്ചയുടെ
ഈ ആഘോഷ പ്പൂമരം.
മനുഷ്യ നിർമ്മിത ബുദ്ധി തൻ
മുറിവേറ്റു
പിടഞ്ഞുമരിക്കുമൊരു
സ്വർണ്ണമരം;
ഈ വിഷുക്കൊന്ന .
മണ്ണിൽ നിവർന്നു ജീവിക്കാതെ
വരുംകാലത്തിൻ
കലണ്ടർ കോളങ്ങളിൽ
ഓർമ്മയ്ക്കായ് ജീവിയ്ക്കാൻ
പിറക്കാൻ വിധിയ്ക്കപ്പെടും
നന്മയുടെ മിത്തു നിറം
കണിക്കൊന്ന .

By ivayana

Leave a Reply

Your email address will not be published. Required fields are marked *