രചന : അൻവർ ഷാ ഉമയനല്ലൂർ✍
🌾🌾🌾🌾🌾
കണിമലരുണർന്നുന്മേഷമായ്,
ഗ്രാമീണ യരുണോദയങ്ങളതി രമ്യമായി
വിഷുപ്പക്ഷിതൻ ഗ്രാമ്യ ഗീതംകണക്കെന്റെ-
യുള്ളിലാമോദമുണർന്നുപാടി.
കണ്ണനീ വർണ്ണാഭ കാലത്തിനോടൊത്തു
കർണ്ണികാരങ്ങൾക്കൊരീണമേ കേ,
ഓടക്കുഴലിനോടൊത്തുപാടാനെന്റെ,
ഗ്രാമമൊന്നാകെ ക്കൊതിച്ചുനിൽക്കേ,
നിത്യമീ,പുലരികൾ ഭക്ത്യാദരങ്ങളാൽ
ഗ്രാമ്യഹൃദയങ്ങൾക്കു ശക്തിനൽകേ,
സ്നേഹാർദ്ര മുരളികയാമെന്റെ കാവ്യവും
കൈരളി തന്ന കൈനീട്ടമാകേ,
ചലനാത്മ ചിന്തയാൽ ഹൃദയത്തിലിന്നു മാ,
മഹനീയശക്തിയെ വാഴ്ത്തിനിൽക്കേ,
കമനീയ ഗീതമാ,മെന്റെ ഗ്രാമത്തെയും
കർണ്ണികാരങ്ങൾ വർണ്ണാഭമാക്കേ,
അമ്മതൻ ശാലീന സാമീപ്യ മധുരമോ-
ടകതാരിൽ ബാല്യം തിരിച്ചുനൽകേ,
തൂമഞ്ഞുപുലരിയിന്നലിവിൻ കരങ്ങളാൽ
മെല്ലെത്തഴുകിത്തലോടി നിൽക്കേ,
ചന്ദനക്കുറിയണിഞ്ഞണയുന്നു നാടിന്റെ
പൊൻകണിയാം വിഷുക്കാലമിന്നും
പാടുന്നിടയ്ക്കീണമായ് മനച്ചില്ലമേൽ
ചാഞ്ഞിരുന്നീ, വിഷുപ്പക്ഷി വീണ്ടും…
🦜🦜🦜🦜