രചന : എം പി ശ്രീകുമാർ✍
ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതി
കൈനീട്ടമേകുവാൻ വന്നു വീണ്ടും
ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതി
പൊൻകണിക്കാഴ്ചയുമായി വന്നു
സത്ചിദാനന്ദത്തിൻ സംഗീതം കേൾക്കുന്നു
സർവ്വൈശ്വര്യപ്പൊൻദീപം തെളിയെ
ആകാശത്തേക്കു വളരുന്ന കൊന്നകൾ
ആനന്ദപ്പൊൻമഴ പെയ്തു നില്ക്കെ
ആലോലമാനന്ദ ഗീത മുയരുന്നു
പൊൻവേണുവൊന്നിൻ ചൊടിയിൽ നിന്നും
നീലക്കാർമുകിൽവർണ്ണനാം ഭഗവാനെ
കണികണ്ടു മെല്ലെ കൺ തുറക്കെ
ഐശ്വര്യമേകുന്ന വത്സരത്തിലേക്കു
മുന്നിൽ കവാടം തുറന്നു തന്ന
പൊന്നിൻ വിഷുവെ സുസ്വാഗതമേകട്ടെ
പുണ്യം പകർന്നിന്നരികിലെത്തെ.
ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതി
കൈനീട്ട മേകുവാൻ വന്നു വീണ്ടും
ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതി
പൊൻകണിക്കാഴ്ചയുമായി വന്നു.
