രചന : രാജു വിജയൻ ✍
ഇക്കൊല്ലം വിഷുവെന്റെ ജന്മരാശിയിൽ തീർക്കും
സുവർണ്ണ പെരുമഴയെന്തെന്നറിയുവാൻ
രാശിചക്രം വരച്ച്, ഭാവിയുരച്ചിടും
ഭാവനാലോലനാം ജ്യോൽസ്യന്നരികിലായ്
ചൂണ്ടലിലിര കോർത്തു കാത്തിരിക്കും പോലെ
സാകൂതമേറെ നേരമായിട്ടിരിപ്പല്ലൊ ഞാൻ..
കാലങ്ങൾ മാറിയന്നാലും, വിളിപ്പെട്ടി
കാര്യങ്ങളോട്ടേറെ ചൊന്നീടുമെങ്കിലും
ജന്മദിനം തൊട്ടടുത്ത ജന്മം വരെ
യൂട്യൂബിലർച്ചന സ്വാമിമാർ നിറയിലും
കാലങ്ങൾ തൊട്ടേയനുവർത്തിച്ചിടും
ജ്യോൽസ്യ പലകയിൽ നൂണ്ടിരിപ്പല്ലോ ഞാൻ..
പൊട്ടനെനുള്ളിൽ കരുതിയേക്കാമിനി
പൊട്ടനായാലും ഞാൻ വട്ടനല്ലിനി മേലാൽ..!
വിഷുഫലം ഗണിച്ചയാൾ സൂക്തമാക്കീടവേ
വിഷുപ്പക്ഷിയൊന്നു ചിരിച്ചുവോ ദൂരെയായ്..
ഇക്കൊല്ലം രാശിയിൽ ശനി ചരിപ്പതു മൂലം
വരും കൊല്ലം വരേക്കുമീ ദുരിത തുടർച്ചകൾ
പരിഹാര കർമ്മങ്ങൾ ചെയ്‌തീടുമെങ്കിലീ
ശനിദേവൻ തട്ടാതെ, മുട്ടിയുരുമ്മി പോം..!
ചാർത്തു നീട്ടുന്നേരം ദക്ഷിണ വിറക്കുന്നു
ദക്ഷയാഗത്തിലെ ചുടലക്കളം പോലെ…!
ഇക്കൊല്ലം വിഷുവിനും മേൽ ഗതിയില്ലാത്തോൻ
വരും കൊല്ലം വരേക്കുമീ ശനിയെ ചുമക്കേണം..
വരും കൊല്ലം വരേക്കുമീ ശനിയെ ചുമക്കേണം….!!
(എല്ലാ സ്നേഹിതർക്കും എന്റെ ഐശ്വര്യ സമ്പൂർണ്ണമായ വിഷു ആശംസകൾ.. 🌹
