ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ വിഷു ആശംസകൾ !

ജോലിയും കഴിഞ്ഞു വീട്ടില്‍ വന്നു കുളിച്ചു അടുക്കളയില്‍ കയറി അരി കഴുകാന്‍ നോക്കിയപ്പോഴാണ് അരിപ്പാട്ടയില്‍ അരി കുറവാണെന്ന് അറിഞ്ഞത്… അല്ലെങ്കിലും വൈകുന്നേരത്തെ തിരക്കില്‍ അരിപ്പാട്ടയൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ലെന്നതാണ് സത്യം… അടുപ്പിലെ പുകയടിച്ചു മങ്ങിയ ബള്‍ബിന്റെ വെട്ടം ഈ ഇടുങ്ങിയ അടുക്കളയിലെ ഒരോരത്ത് ഇരിക്കുന്ന അരിപ്പാട്ടയിലേക്ക് എത്താനും പാടാണ്…..

വെള്ളത്തിന് കീഴിലെ വിറക് ഒന്നൂടി നീക്കി വെച്ചു ആളിക്കത്തുന്ന തീയെ വെറുതെ ഒന്നു കൂടി ഊതിക്കത്തിച്ചു കൊണ്ട് ഇടമുറിയിലെ അയയില്‍ കൂട്ടിയിട്ടിരുന്ന തുണിയില്‍ നിന്നും ഒരു തോര്‍ത്ത് തിരഞ്ഞെടുത്തു തിണ്ണയിലേക്ക് ഇറങ്ങിയപ്പോള്‍ കുഞ്ഞുണ്ണി പുസ്തകം പകര്‍ത്തി എഴുതുന്ന തിരക്കിലായിരുന്നു…
ജോലി കഴിഞ്ഞു വന്നപ്പോള്‍ ഉണ്ടാക്കി കൊടുത്ത കട്ടന്‍ കാപ്പി തണുത്തു വിറങ്ങലിച്ചു അടുത്തിരിപ്പുണ്ട്…

” ഈ കുട്ടിക്ക് ഒരു ശ്രദ്ധയും ഇല്ലാലോ…എപ്പോള്‍ കൊണ്ടൂവെച്ച കട്ടനാണ്‌… ഇനി അത് കൊള്ളാമോ… ”
വാത്സല്യത്തോടെ അവന്റെ തലയീല്‍ തടവിയാണ് അത് ചോദിച്ചത്…
”അല്ലെങ്കിലും എനിക്ക് തണുത്ത കാപ്പിയല്ലേ അമ്മേ ഇഷ്ടം… ” ചെറു ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവന്‍ കാപ്പിഗ്ലാസ് കൈയ്യിലെടുത്തു…
”’ അമ്മ പോയി അരി വാങ്ങിയിട്ടു വരാം.. മോന്‍ ഇരുന്നു പഠിച്ചോ.. ”
ഞാന്‍ വരണോ അമ്മേ എന്ന കുഞ്ഞുണ്ണിയുടെ ചോദ്യത്തെ വേണ്ടെയെന്നു ആംഗ്യം കാട്ടി സഞ്ചിയുമായി മുറ്റത്തേക്ക് ഇറങ്ങി
നേരം ഇരുട്ടി തുടങ്ങിയിരുന്നു… കാലുകള്‍ നീട്ടി വെച്ചു മാധവേട്ടന്റെ കടയിലേക്ക് നടക്കുമ്പോഴും മനസ്സില്‍ നിറയെ കുഞ്ഞുണ്ണി ആയിരുന്നു… അവന്‍ അരവിന്ദേട്ടനെ പോലെ തന്നെയാണ് … ഒന്നിനും ഒരു പരാതിയും ഇല്ല.. ആകെ പ്രതീക്ഷ അവനാണ്… പഠിക്കാന്‍ മിടുക്കനാണ്…എങ്ങനെയെങ്കിലും പഠിപ്പിക്കണം…അതുമാത്രമേ മനസ്സിലുള്ളു…

കടയില്‍ കുറച്ചു തിരക്കായത് കൊണ്ടു മാറി നിന്നു…. തന്നെ കണ്ടപ്പോള്‍ ചിലര്‍ അടക്കിച്ചിരിക്കുന്നതും പരസ്പരം രഹസ്യം പറയുന്നതും കണ്ടെങ്കിലും ശ്രദ്ധിക്കാത്ത മട്ടില്‍ തിരിഞ്ഞു നിന്നു…
അരവിന്ദേട്ടന്‍ ബസിലെ ഡ്രൈവറായിരുന്നു… യാതൊരു ദുസ്വഭാവങ്ങളുമില്ലാത്ത ,നാട്ടുകാര്‍ക്ക് പ്രിയങ്കരനായ ചെറുപ്പക്കാരന്‍.. ആ സ്നേഹം തനിക്കും കിട്ടിയിട്ടുണ്ട്……. തന്നെയും മോനെയും പൊന്നു പോലെയാണ് ഏട്ടന്‍ നോക്കിയത്… പക്ഷേ പെട്ടെന്നൊരു ദിവസം ഏട്ടന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞപ്പോള്‍ , ജീവിതത്തിന് മുന്‍പില്‍ പകച്ചു നിന്ന ഞങ്ങളോട് ആദ്യം അവര്‍ക്ക് സഹതാപം ആയിരുന്നു …

കുറേനാള്‍ വീട്ടില്‍ അടച്ചു പൂട്ടി ഇരുന്നു…വീട്ടിലിരുന്ന സാധനങ്ങള്‍ തീര്‍ന്നു.. കൈയ്യിലും കാതിലും കഴുത്തിലും ഉണ്ടായിരുന്നതൊക്കെ വിറ്റു കുറച്ചു കടം ഉള്ളതു തീര്‍ത്തു ബാക്കി രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങി.. .. അങ്ങനെ പോയാല്‍ ജീവിതം മുന്നോട്ട് പോകില്ലെന്നു മനസ്സിലായപ്പോഴാണ് ജോലി തേടി തുടങ്ങിയത്… മുന്‍പരിചയമില്ലാത്തതിനാല്‍ എവിടെയും ജോലി കിട്ടിയില്ല.. ഒടുവില്‍ മാധവേട്ടന്‍ ഇടപെട്ടാണ് അടുത്തുള്ള ഒരു മെഴുകുതിരി യൂണിറ്റില്‍ ജോലി തരമാക്കി തന്നത്…
വലുതല്ലെങ്കിലും ആ ചെറിയ വരുമാനം ഒരു ആശ്വാസമായിരുന്നു..കുഞ്ഞുണ്ണിക്കും വാശിയൊന്നും ഇല്ലാതെ ഉള്ളതുപോലെ ഒതുങ്ങി ജീവിക്കാന്‍ തയാറായിരുന്നു….
ജോലിക്ക് പോകാന്‍ തുടങ്ങിയതോടെ നാട്ടുകാരില്‍ ചിലര് കാണുമ്പോള്‍ മുഖം തിരിക്കാന്‍ തുടങ്ങി…. അതൊന്നും കാണാനോ കേള്‍ക്കാനോ സമയം ഇല്ലാത്തത് കൊണ്ട് ഗൗനിക്കാനും പോയില്ല…

മാധവേട്ടന്‍ മാത്രം അന്നും ഇന്നും ഒരുപോലെയാണ്……
” മോള്‍ക്ക് എന്താ വേണ്ടത്… കുഞ്ഞുണ്ണി വീട്ടില്‍ ഒറ്റയ്ക്ക് അല്ലെ… ”
മാധവേട്ടന്റെ ശബ്ദമാണ് ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തിയത്…
” പത്തു കിലോ അരിയും ഒരു കവര്‍ പപ്പടവും വേണം മാധവേട്ടാ… ” സഞ്ചിയും പണവും നീട്ടി കൊണ്ടാണ് അത് പറഞ്ഞത്..
” ഉം..ഉം.. ഇപ്പോള്‍ വലിയ വരുമാനമൊക്കെ ആയിപ്പോയി… ”
തൊട്ടടുത്തു നിന്നു കേട്ട ശബ്ദത്തിന്റെ ഉടമയുടെ മുഖത്തേക്ക് തുറിച്ചൊന്നു നോക്കി…
ഉദയന്‍… പണ്ട് അരവിന്ദേട്ടനൊപ്പം വീട്ടില്‍ വരാറുണ്ടായിരുന്നു… ചുണ്ട് വക്രിച്ച് ഒന്നു ചിരിച്ചു കാട്ടി…
ചുറ്റും നിന്നവരില്‍ നിന്നും അടക്കി പിടിച്ച ചിരിയുയര്‍ന്നു…
” ദേ മോളേ സാധനം ”
അതും വാങ്ങി തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ മാധവേട്ടന്‍റെ ശകാരം ഉയര്‍ന്നു…

” ആ പെണ്ണ് എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ… ആ കുഞ്ഞിനെ വളര്‍ത്തേണ്ടേ… ”
” മാധവേട്ടന്‍ അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാണ്… നമ്മള്‍ ആണുങ്ങള്‍ ഇവിടെയുള്ളതല്ലേ….. കുറച്ചു നാളായി ഇവളുടെ വീട്ടില്‍ ഒരുത്തന്‍ വന്നു പോകുന്നു.. അങ്ങനെ അഴിഞ്ഞാടി ജീവിക്കാന്‍ ആണെങ്കില്‍ വേറേ എവിടെയെങ്കിലും പോകട്ടെ…ഈ നാട്ടില്‍ പറ്റില്ല… ഒന്നും ഇല്ലെങ്കിലും അവളുടെ ചത്തുപോയ കെട്ട്യോന്റെ തോളെല് കൈയ്യിട്ടു കുറേ നടന്നതാണ്‌്..”’

അപ്പോള്‍ അതാണ് കാര്യം… അരവിന്ദേട്ടന്റെ ഇന്‍ഷുറന്‍സ് തുകയുടെ കാര്യം പറയാന്‍ ഓഫീസില്‍ നിന്നും ഒരു സാറ് രണ്ടുമൂന്ന് തവണ വന്നിരുന്നു…..
മുന്നോട്ടു നടന്നിരുന്ന കാലുകള്‍ പതിയെ പിന്നിലേക്ക് എടുത്തു തിരിഞ്ഞു നടന്നു… കടയില്‍ അപ്പോഴും ആളുകള്‍ ഉണ്ട്…അവരൊക്കെ ഇത് കേട്ട് അങ്ങനെ രസിച്ചു നില്‍ക്കുകയാണ്…. അടിമുടി ദേഷ്യം കൊണ്ടു ശരീരം വിറച്ചു..
” അതേയ്… ഞാനും എന്റെ കൊച്ചും കുറച്ചു നാള് പട്ടിണി കിടന്നിരുന്നു.. നീയൊക്കെ അറിഞ്ഞിരുന്നോ… അതോ അന്നൊന്നു നീയൊക്കെ ഈ നാട്ടില്‍ ആയിരുന്നില്ലെ പൊറുതി…

അന്ന് വയറെരിഞ്ഞപ്പോള്‍ കാണാന്‍ ഈ മാധവേട്ടന്‍ അല്ലാതെ ഒരുത്തനും ഇല്ലായിരുന്നു … ഇപ്പോള്‍ എന്റെ വീട്ടില്‍ വരുന്നവരുടെ എണ്ണമെടുത്ത് എനിക്ക് കൂട്ടുകിടക്കാന്‍ ആളെ ഉണ്ടാക്കാന്‍ മാത്രം കെട്ട്യോന്റെ തോളേല്‍ കൈയ്യിട്ട കണക്ക് പറഞ്ഞാല്‍ മതിയോ…
ഇനിയിപ്പോള്‍ ഞാന്‍ ആരേലും കൂടെ കിടക്കാന്‍ വിളിച്ചൂന്ന് തന്നെ കരുതിക്കോ… അതൊന്നും നിന്റെ വീട്ടിലുള്ളവരെയോ നിന്നെ ബാധിക്കുന്ന തരത്തില്‍ ആരെയും അല്ലല്ലോ…
മേലിലും എന്റെ മുന്നിലോ പിന്നിലോ നിന്നു തെമ്മാടിത്തരം പറഞ്ഞാല്‍ നാവ് കൊണ്ടായിരിക്കില്ല മറുപടി ..ഓര്‍ത്തോ..”
ഇന്നുവരെ ശബ്ദം ഉയര്‍ത്തി സംസാരിക്കാത്ത എന്റെ പുതിയ മുഖം കണ്ടു എല്ലാവരും ഒന്നു വിരണ്ടൂ…

”മോള് വേഗം വീട്ടിലേക്ക് പോ…കൊച്ചു തനിച്ചല്ലേ.. ”
മാധവേട്ടന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു…
ഞാന്‍ പോവാ മാധവേട്ടാ..
തിരിഞ്ഞു നടക്കുമ്പോള്‍ തല ലേശം പോലും താണില്ല….. എനിക്ക് അറിയാമായിരുന്നു..ഇപ്പോള്‍ താഴുന്ന തല ജീവിതത്തില്‍ ഒരിക്കലും നിവര്‍ത്താന്‍ കഴിയില്ലെന്ന്…. റോഡിലൂടെ വേഗത്തില്‍ നടന്നു നീങ്ങുമ്പോള്‍ എന്നെയും കാത്തിരിക്കുന്ന കുഞ്ഞുണ്ണി മാത്രമായിരുന്നു മനസ്സില്‍…

By ivayana

Leave a Reply

Your email address will not be published. Required fields are marked *