രചന : കെ.ആർ.സുരേന്ദ്രൻ✍️
സാർത്രോ,
സീമോൻ ദ് ബുവ്വയോ,
ഔസേപ്പിൻ്റെയും,
ജാനുവിൻ്റെയും
ജീവിതപാഠാവലിയിൽ
വന്നിട്ടൊന്നുമല്ലാ,
ഇരുവരും
ഒരു കൂരക്ക് കീഴിൽ
അന്തിയുറങ്ങാൻ
തീരുമാനിച്ചത്.
സാർത്രിനേയോ,
സീമോൻ ദ് ബുവ്വയേയോ
അവരറിഞ്ഞിട്ടില്ല.
കേട്ടിട്ടില്ല.
കല്യാണം
ഒരു ബൂർഷ്വാ
പരിപാടിയെന്ന്
മുപ്പത് വെള്ളിക്കാശിന്
സാർത്രും,
സീമോൻ ദ് ബുവ്വയും
കല്യാണത്തെ
ഒറ്റിക്കൊടുത്തത് പോലെ
ഔസേപ്പും,
ജാനുവും
ഒറ്റിക്കൊടുത്തിട്ടുമില്ല.
സാർത്രും,
സീമോൻ ദ് ബുവ്വയും
ദേവാലയങ്ങളേയും,
രജിസ്‌ട്രാറാപ്പീസിനേയും
തള്ളിപ്പറഞ്ഞത് പോലെ
ഔസേപ്പും, ജാനുവും
തള്ളിപ്പറയാൻ
പോയിട്ടുമില്ല.
അതവർക്ക്
വിഷയമായതുമില്ല.
സാർത്രും,
സീമോൻ ദ് ബുവ്വയും
എഴുതിയത് പോലെ
സാഹിത്യമോ,
തത്വചിന്തയോ
ഔസേപ്പും,
ജാനുവും
എഴുതിയിട്ടുമില്ല.
സാർത്രും,
സീമോൻ ദ് ബുവ്വയും
പ്രശസ്തരായത് പോലെ
ഔസേപ്പും,
ജാനുവും
പ്രശസ്തരുമായില്ല.
അതിൽ
വിശ്വസിച്ചുമില്ല.
പലകാലത്തായി
നഗരത്തിലെത്തി,
ഒരേ ആപ്പീസിൽ
ജോലി നോക്കി
പരിചയപ്പെട്ടെങ്കിലും
പ്രണയിച്ചിട്ടുമില്ല.
എങ്കിലും
ഔസേപ്പും,
ജാനുവും
ഒരു നാൾ തീരുമാനിച്ചു
ഒരുമിച്ചങ്ങ് ജീവിക്കാൻ.
തോന്നുമ്പോൾ പിരിയാൻ.
അംബർനാഥിൽ
ഒരു മുറിയെടുത്ത്
ഒരുനാൾ അങ്ങ്
താമസം തുടങ്ങി.
നാട്ടിൽ പറഞ്ഞില്ല,
വീട്ടിൽ പറഞ്ഞില്ല,
സമ്മതം തേടിയില്ല.
എന്നിട്ടും നാടറിഞ്ഞു,
വീടറിഞ്ഞു.
കാറ്റ് പറഞ്ഞ്,
കടല് പറഞ്ഞ്,
കേട്ടപാടേ,
കേൾക്കാത്ത പാടേ
ഔസേപ്പിന്റെ വീട്
പറഞ്ഞു,
ജാനുവിന്റെ വീട്
പറഞ്ഞു : ”പുകഞ്ഞ
കൊള്ളി പുറത്ത് “
സാർത്രിന്
സീമോൻ
ജീവിതസഖിയായതുപോലെ
ഔസേപ്പിന് ജാനു ജീവിതസഖിയായില്ല.
ഒരുനാൾ പോ പുല്ലേ
എന്ന് തുപ്പി
“ഇരുവഴിഞ്ഞിപ്പുഴകളായൊഴുകി”
ഇരുവരും…..
