രചന : ലിൻസി വിൻസെൻ്റ്✍
സ്വന്തം ഹൃദയത്തിലേയ്ക്ക്, പ്രവേശിച്ച് ,മറ്റൊന്നും ചെയ്യാനില്ലാതെ, ഭവനത്തിലോ, ദേവാലയത്തിലോ,കണ്ണുംപൂട്ടിയിരിക്കുന്ന ഒരു പകൽ, ഓരോ ധ്യാനവും സ്നാനമാകുന്ന പകൽ… വാഴ് വിലെ ഏറ്റവും ദു:ഖിതനായ, പുരുഷനെ വലം ചുറ്റുന്ന ദിനം,പഞ്ചക്ഷതങ്ങളുടെ സങ്കടം, പാദങ്ങളിൽ, കൈവെള്ളയിൽ, നെഞ്ചിൽ, ഇറ്റുവീഴുന്ന ചോരത്തുള്ളികൾ… കുരിശിൻ്റെ വഴികൾ..
അതിന്ദ്രിയമായ ദുഃഖം ഉള്ളിൽ നിറയുകയും ചുറ്റിലും പൊതിയുകയും ചെയ്യുന്ന, മരമണിയുടെ, ഉയർന്നു ചിതറുന്ന ഖിന്നസാന്ദ്രമായ ശബ്ദമാണ്, ദു:ഖവെള്ളിയിലെ, നട്ടുച്ചയുടെ കനലിൽ, അഴലിൻ്റേയും, അനുതാപത്തിൻ്റെയും സ്പർശത്താൽ അകം നിറയ്ക്കുന്നത്
ക്രൈസ്തവദേവാലയങ്ങളിൽ പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ ഉപയോഗിക്കുന്ന തടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു മണിയാണ് മരമണി.ഇതിൻ്റെ ഉച്ചത്തിലുള്ള നാദം ക്രിസ്തുവിൻ്റെ, മരണത്തിൻ്റെ വികാരം, വിശ്വാസികൾക്ക് പ്രദാനം ചെയ്യുന്നു.. ഇവയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്. സാധാരണ ഉപയോഗിക്കുന്ന ഓട്ടുമണികൾക്ക് ദുഃഖഭാവം നൽകുവാൻ സാധിക്കുന്നില്ല എന്നതിനാലാണ് അദ്ദേഹം മരമണികൾക്ക് രൂപം നൽകിയത്.
പിന്നീട് പീഡാനുഭവരംഗങ്ങളിലും ഇവ ഉപയോഗിച്ചു തുടങ്ങി. സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള മിഷണറിമാരാണ് കേരളത്തിൽ ഇവ അവതരിപ്പിച്ചത്. വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് മരമണി ഭാരതത്തിൽ പ്രചരിപ്പിച്ചത്.തടിയിൽ നിർമ്മിച്ച 8ചുറ്റികകൾ ഒരു നീളൻ പലകയിൽ 8 വെട്ടുകളിലായി ,ഇരുവശത്തും, കമ്പികളാൽ ബന്ധിച്ചിരിക്കുന്നു, പലകയുടെ പിടിയിൽ, വ്യത്യസ്ത രീതിയിൽതിരിച്ച്, ബലമോടെകുലുക്കുമ്പോൾ ,പരുക്കനും ,എന്നാൽ ശരീരത്തെ ഉഴവുനിലം പോൽ പീഡിപ്പിക്കപ്പെടുന്നതുമായ ശബ്ദം, ഉയർന്നു ചൊരിയുന്നു….
ഉച്ചവെയിലിലെ
ഒരു കനൽ നെഞ്ചിനെ ചുറ്റിക്കടന്നു പോകുന്നു
മുട്ടുകുത്തുന്നു…
മിഴി പൂട്ടുന്നു…
ശിരസുകുനിയുന്നു…..
✍️
സെൻ്റ്.ബോനിഫസ് ചർച്ച് പട്ടിത്താനത്തെ,നൂറ്റാണ്ടുകൾ പഴക്കമുള്ള മരമണിയാണ് ചിത്രത്തിൽ..
