രചന : കവിത രമേഷ് ✍️
ഗെത്ത്സെമന തോട്ടത്തിൽ നിസ്സഹായനായി നിൽക്കുന്ന യേശുവിൻ്റെ രൂപം ധ്യാനിക്കുക.
എങ്കിൽ മാത്രമേ അവൻ്റെ ത്യാഗത്തിൻ്റെ ആഴത്തിലേയ്ക്ക് നമ്മൾ എത്തുകയുള്ളു.
അധികാരികൾ അയച്ച ആയുധധാരികൾക്ക് മുമ്പിൽ യേശുവിനെ തിരിച്ചറിയിക്കാനായി മുൻകൂട്ടി നിശ്ചയിച്ച അടയാളമായി ഒരു ചുംബനത്തിലൂടെ അവനെ ഒറ്റുകൊടുക്കാൻ യൂദാസും, യേശു നൽകിയ അക്രമരാഹിത്യത്തിൻ്റെ നല്ല പാഠങ്ങളെ തള്ളിപ്പറയാൻ തയ്യാറായി പത്രോസും നിൽക്കുന്നു. അതിനും കുറച്ച് മുമ്പ് മാത്രം നടന്ന അത്താഴ വിരുന്നിൽ, തന്നോടൊപ്പം ഭക്ഷണം കഴിക്കുന്നവരിൽ ഒരാൾ തന്നെ ഒറ്റിക്കൊടുക്കുമെന്നും, മറ്റൊരു ശിഷ്യൻ തന്നെ തള്ളിപ്പറയുമെന്നും യേശു വെളിപ്പെടുത്തിയിട്ടും.
കുറ്റബോധത്തിൻ്റെ നടുക്കമില്ലാതെ അവരെത്ര
സ്വാഭാവികമായി അവനോട് ചേർന്നു നിന്നിരുന്നു !
പൂന്തോട്ടത്തിലെ പ്രാർത്ഥനാ സമയത്ത്
സംഭവിക്കാൻ പോകുന്ന ദുർവിധിയോർത്ത്
“പിതാവേ, നിനക്ക് മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് എടുക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ ” എന്ന് യേശു ദൈവത്തോട് അപേക്ഷിക്കുന്നുണ്ട്.തീർച്ചയായും അർഹിക്കാത്തതും അതികഠിനവുമായ യാതനയാണ് യേശുവിന് വിധിച്ച ആ ദൈവഹിതം.
ഗൊൽഗോഥായിലേയ്ക്കുള്ള യാത്രയിൽ
അവഹേളനവും നിന്ദയും അതിക്രൂരമായ ശാരീരിക പീഡനങ്ങളും അനുഭവിക്കാനായി അവനെ തനിച്ച് വിട്ടുകൊടുത്ത് അന്നോളം കൂടെ നടന്നവരെല്ലാം ഓടിപ്പോയി. ഒടുവിൽ മനുഷ്യവർഗ്ഗത്തിൻ്റെ പാപമെല്ലാം ഏറ്റുവാങ്ങിയ മഹാത്യാഗമായി ദയനീയമായ ആ ബലിമരണം.
“പിതാവേ, നീ എന്നെ കൈവിട്ടതെന്ത്?” എന്ന് കുരിശിൽ കിടന്നുള്ള യേശുവിൻ്റെ വിലാപം
ഇപ്പോഴും നമ്മുടെ കാതിൽ മുഴങ്ങുന്നതായി തോന്നുന്നില്ലായെങ്കിൽ നമ്മൾ അവനെ ആത്മാർത്ഥമായി ധ്യാനിച്ചിട്ടില്ല.
യേശുവിൻ്റെ പുനരുത്ഥാനം ഒരു അനിവാര്യതയായിരുന്നു ; അത്രത്തോളം അവൻ അർഹിച്ചിരുന്നില്ല ആ കുരിശുമരണം.
നമ്മുക്കിടയിലുമുണ്ട് സ്നേഹ ചുംബനങ്ങളുടെ മൂടുപടത്തിനുള്ളിൽ ഒറ്റുകൊടുക്കലിൻ്റെ വഞ്ചന ഒളിപ്പിക്കുന്നവർ,
നമ്മുക്കിടയിലുമുണ്ട് ഒപ്പം നിൽക്കുന്നതായി ഭാവിച്ചിട്ട് തള്ളിപ്പറഞ്ഞ് അപമാനിക്കാൻ വ്യഗ്രത പൂണ്ട് നടക്കുന്നവർ,
ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴൊക്കെ ആത്മവീര്യത്തോടെ ഉയർത്തെഴുന്നേൽക്കുക.
പാപത്താൽ മലിനമാകുമ്പോഴും
തെറ്റുകളിലേയ്ക്ക് വീണുപോകുമ്പോഴൊക്കെ
കുരിശിലേറ്റവൻ്റെ മഹാത്യാഗമോർത്ത്
മാനസാന്തരപ്പെട്ട് ഉയിർക്കുക.
വീഴ്ച്ചകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനും
അപകീര്‍ത്തികരമായ ആര്‍പ്പുവിളികൾക്ക് കാതുകൊടുക്കാതിരിക്കാനും
നമ്മുക്കാകും, പക്ഷേ കദനങ്ങളുടെ കയത്തിൽ നമ്മെ എറിഞ്ഞിട്ടു പോയവരോട്
“പിതാവേ, ഇവരോട് ക്ഷമിക്കണമേ, കാരണം അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല” എന്ന് പൊറുത്തു കൊടുക്കാൻ നമ്മുക്ക് സാധിക്കുമോ എന്നുള്ളതിലേ സന്ദേഹമുള്ളു.യേശുവിൻ്റെ സഹനവും മൗനവും നമ്മെ ലജ്ജിപ്പിക്കുന്നത്
അത്രത്തോളം ക്ഷമിക്കാൻ ഒരു ഈശോ നമ്മുക്കുള്ളിൽ ഇല്ലാത്തതുകൊണ്ടാണ്…ഓരോ മനുഷ്യനിലും അവൻ പുനരുത്ഥാനം ചെയ്യട്ടെ.
സ്വയം ശൂന്യവത്ക്കരിച്ച് അപരനോട് ക്ഷമിച്ചും സ്നേഹിച്ചും ഹൃദയത്തിൽ സമാധാനം സൂക്ഷിക്കാൻ എല്ലാവർക്കും സാധിക്കട്ടെ!
ഈസ്റ്റർ ദിനാശംസകൾ.
