രചന : ഗ്രാമീണൻ ഗ്രാമം✍️
മുലത്തുമ്പു ചുരത്തുന്ന
വർഷമേഘങ്ങൾ
വരളുമിതളായ് കരിനെല്ലിൻ
ചുണ്ടുപാടങ്ങൾ
തുള്ളി കൊണ്ടു കുടം തേവാൻ
കാവു പുണ്യങ്ങൾ
കാവിലെൻ്റെ കുലം തേവര്
പുള്ളു തുള്ളാട്ടം
കുരവ പൂക്കുല മഞ്ഞൾ ചന്ദന
പാലു നൂറാട്ടം
കൊതുമ്പു പന്ത കുളിരു ചൂടി
മാവുകോലങ്ങൾ
തിള തിളയയ്ക്കണ പായസത്തിൽ
മാറുനീരാട്ടം
തുമ്പിതുള്ളൽ കൊട്ടു തിമില
ശംഖു വാദ്യങ്ങൾ
നൂറു നീട്ടി കിതച്ചെൻ്റെ
തേവരുറയുമ്പോൾ
ഭാവിഭൂതവർത്തമാന_
മരുളു വാക്യങ്ങൾ
തേവരിന്നലെ മുടിയേറാ
വീടിറങ്ങുമ്പോൾ
ചുടല പോലെ വെന്തു നീറിയ
ചുവന്ന നാളങ്ങൾ
സൂര്യനല്ലത് ഉള്ളെരിക്കണ
നോവു പാത്രങ്ങൾ
തേവർ കേറാ മനുജന്മ-
യുള്ളുരുക്കങ്ങൾ
ആരും കാണാ കണ്ണുനീരിൻ
ബലിയാട്ടങ്ങൾ
പരിഹാരമരുൾചെയ്യും
ദൈവമല്ലപ്പോൾ
ഞാനും നീയും അറിയാത്ത
ഉള്ളുപൊള്ളാട്ടം.
ബന്ധനത്തിൽ കുരുങ്ങുന്ന
തെയ് വകോലാട്ടം.
ആർപ്പു കൂകി വിളിച്ചിട്ടു
നാം നടക്കുമ്പോൾ
ദൈവക്കോലം ചിലമ്പൂരി
കിതപ്പാറ്റുന്നു.
ഉടവാളിൻ തഴമ്പേറ്റ
നെറ്റിയാഴങ്ങൾ
ഭസ്മമിട്ടു പൊറുപ്പിച്ചു
വിയർപ്പാറ്റുന്നു.
അടുത്താണ്ടു വരുവോളം
വേഷമില്ലാതെ
തേവരല്ലാ കോലമായി
അലഞ്ഞോടുന്നു.
പടച്ചോറു പകുത്തതിൽ
വരിവയ്ക്കുന്ന
കരിഞ്ചോണനുറുമ്പുകൾ
കൂടുകൂട്ടുന്നു.
