രചന : ശ്രീനി നിലമ്പൂർ✍️
തുടുത്തു നിൽപ്പുണ്ടുടയോൻ കിഴക്ക-
ങ്ങെടുപ്പു കണ്ടാൽ മൽഗോവപോലെ!
തിടുക്കമോടവൻ കുതിച്ചുയരവേ
അടുത്തുകൂടിടാൻ കൊതിച്ചുപോയിടും !
ചുവന്നു പൂർവ്വദിങ്മുഖം ദിനേനപോൽ
ദിവാകരൻ മന്ദം മിഴിതുറക്കയായ് .
അവനിയിൽ ഭേരിതുടങ്ങി മെല്ലെ
ഗോവടക്കം കുക്കുടൻ തുടങ്ങി കീർത്തനം.
ചിലച്ചുണർന്നൂ വർണ്ണവ്യാജികൾ വാനിൽ,
നിലച്ചു രാവിന്റെ സംഭ്രാന്തരാഗം .
കുലച്ചവില്ലായ് ചക്രവാളം കിടന്നൂ
മലച്ചുമേലേ വാനമനോഭിരാമം.
ഇഹത്തിൽ വല്ലികലുലഞ്ഞുണർന്നു
മഹീജശാഖകൾ മനംതുറന്നു.
വിഹഗവൃന്ദം ചേക്കവെടിഞ്ഞുപൊങ്ങീ,
അഹത്തിനില്ലവയ്ക്കിരിപ്പസാധ്യം!
അനിലനെത്തവേ പൊഴിഞ്ഞുവീണതാം
കനകധൂളികൾ ശിരസ്സിലേന്തി ,
കുനുകുനെ പാടവരമ്പിലേ,തൃണ –
മനസ്സുകൾ മോദാൽ തുടങ്ങി നർത്തനം.
ഉണർന്നു ഭൂമിയിൽ ചരാചരങ്ങളും
പുണർന്നുറങ്ങിയ മനുഷ്യരൊക്കെയും.
തിണർപ്പുപോൽ മണ്ണിൽ മുളച്ചുപൊങ്ങി കൂൺ
തുണച്ചു മണ്ണിനെ നനച്ച രാമഴ.
നനുത്ത കാഴ്ച കൺനിറയ്ക്കവേ ഉള്ളിൽ
മിനുത്തു പിന്നെയും ഹരിതയോർമ്മകൾ.
മനസ്സിനുള്ളിലേ കൃഷിനിലങ്ങളിൽ
ചിനപ്പു പൊട്ടിഞാറ്റടികളിൽ മുദാ .
കലപ്പയും നുകമണിഞ്ഞ കാളകൾ
വലിച്ച് മുന്നോട്ടുഴുന്നു കണ്ടങ്ങൾ.
തലയ്ക്കുമേൽ പാള ശിരസ്ത്രമുള്ള കൃഷി-
വലനൊന്നുണ്ടതിൻ പുറകിലായ് സദാ .
ഇരിപ്പൂകണ്ടത്തിൽ നെടുകനെ താഴ്ന്ന്
കരിയിറങ്ങുമ്പോൾ ഇളകിയെത്തുന്ന,
ഇരകളെ നോക്കി മിഴികൾ കൂർപ്പിച്ചു
നിരന്നു പക്ഷികൾ അവന്റെ ചുറ്റിനും.
മുറിച്ചു പാകത്തിനൊരുക്കി കാഞ്ഞിര –
ക്കുറുവടി കയ്യാൽ ചുഴറ്റിയും പിന്നെ,
ഉറച്ചുകാൽ നുകപ്പലകമേലേറി –
പ്പറത്തിടുന്നുണ്ടുരുക്കളെയവൻ.
പുലരിയെത്തവേ പഴമനസ്സിലെ
ശലഭചിന്തകൾ ചിറകു നീർത്തുന്നു.
നിലച്ചിടാ കാഴ്ച നിരനിരയായി
അലകൾ തീർക്കുന്നെന്നകത്തളങ്ങളിൽ!
