രചന : രശ്മി നീലാംബരി.✍️
ഒരു പ്രതികാരകഥ
എഴുതിക്കൊണ്ടിരിക്കെ
ആ കുളപ്പടവിലേക്ക്
അവൾ വീണ്ടും ചെന്നു.
ഓർമ്മകൾ നഷ്ടപ്പെട്ട
മസ്‌തിഷ്കം പോലെ കുളം.
അതിന്റെ
ഉഷ്ണ സഞ്ചാരങ്ങളിൽ പോലും
അവളോ, ആമ്പൽപ്പൂക്കളോ
വിരുന്നുവന്നിരുന്നില്ല.
ഒരിക്കലും പിടിച്ചടക്കാൻ
കഴിയാതെ നിരന്തരം വളർന്നുകൊണ്ടേയിരുന്ന
മഹാ സാമ്രാജ്യമായിരുന്നു
അവൾക്കു കുളം.
അതിപ്പോളൊരു നീർക്കുമിളയ്ക്കുള്ളിലേക്ക്
ചുരുണ്ടുകൂടിയിരിക്കുന്നു.
നഷ്ടപ്പെട്ട ആമ്പൽക്കാടുകൾ
വിരുന്നുവരുന്നതിനെപ്പറ്റി
ഒരിക്കലെങ്കിലും
സ്വപ്നം കണ്ടിരിക്കാമത്.
പരിചയിക്കുന്തോറു-
മപരിചിതമാവുന്ന
കുളവാഴപ്പടർപ്പുകളിൽ
അവളുടെ ഓർമ്മകളുടക്കി നിന്നു.
അപ്പോൾ
വാസന സോപ്പിന്റെ
അവസാന മഴവിൽക്കുമിളയും
പൊട്ടിപ്പോയ
ആ കടവിലിരുന്ന്
ഭൂതകാലത്തിന്റെ
വിഴുപ്പുഭാണ്ഡമിറക്കുകയായിരുന്നവൾ.
ചുവന്ന ആമ്പലുകൾക്ക്
വേണ്ടിയുള്ള
മത്സരങ്ങളിൽ
നീന്തലിനെപ്പറ്റി ചിന്തിച്ചു തുടങ്ങുമ്പോഴേ
മിടിപ്പു നഷ്ടപ്പെട്ട്
കിതയ്ക്കുന്ന ഒരുവളായ്
ആ കൽപ്പടവിൽ നിന്നവളെ
വീണു കിട്ടി.
പ്രണയം മുങ്ങാങ്കുഴിയിട്ടു വന്ന്
മറ്റൊരുവളുടെ മുന്നിൽ
ആമ്പലായ് വിരിഞ്ഞിട്ടുണ്ടാവുമപ്പോൾ.
വിധേയത്തിന്റെ ചാഞ്ഞ ചില്ലകൾക്ക്
പ്രായം നന്നേ കൂടിപ്പോയിരിക്കുന്നു.
അതിന്റെ കൈകളിലൂടെ
കുളത്തിലേക്കെടുത്തു ചാടിയവരിന്നും
ബാല്യത്തിന്റെ കയത്തിൽ
കുരുങ്ങിക്കിടപ്പുണ്ടാവു-
മെന്നവൾ.
മീനുകൾക്ക്
ചിറകെന്തായിരുന്നെന്നറിയാൻ
വെള്ളത്തിനടിയിൽ
കണ്ണ് തുറന്ന് പിടിക്കണം.
മുങ്ങിത്താഴുമ്പോഴും
സ്വാതന്ത്ര്യത്തിന്റെ കവിതകളെപ്പറ്റി
അവർ വാചാലരാവും.
ഒഴുക്കിനൊത്ത്
സഞ്ചരിക്കുന്ന കുളവാഴപ്പൂക്കളെ
അവളിഷ്ടപ്പെട്ടതും
അകലെ നിന്നു കൊതിപ്പിച്ച
ആമ്പൽ പൂക്കളെ വെറുത്തതും
അതുകൊണ്ടാവണം.
ഒരധിനിവേശ കഥ..
മുഴുവനാക്കേണ്ടതുണ്ട്
അവൾ
വർത്തമാനത്തിലേക്ക്
പടവുകൾ കയറി.