യോർദ്ധാന്റെ വൻ കാടുകളിൽ കാതലുള്ള പൈൻമരങ്ങൾ തേടി
ഞാനലയുമ്പോഴെല്ലാം അവൾ ചോദിക്കുമായിരുന്നു.
നിങ്ങൾക്ക് ഈ പണി നിർത്തിക്കൂടെ…?
റോമൻ ചക്രവർത്തിമാരുടെ സ്വർണ്ണനാണയങ്ങളോടുള്ള ആർത്തിയിൽ എത്രയോ കുരിശുകളാണ് നിങ്ങൾ പണിതു കൂട്ടിയതു…
വേണ്ട,, നമുക്ക് ആ പണം വേണ്ട…… അതു കുരിശിൽ പിടയുന്നവരുടെ രക്തത്തിന്റെ വിലയാണ്…

എടി.
ആശാരിക്കു പണമാണ് വലുത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ.
ഈ വലിയ കുരിശിന്റെ പണി പൂർത്തിയായാൽ നീ പറയുമ്പോലെ ഈ കുരിശു പണി ഞാനങ്ങു നിർത്തിയെക്കാം.
ഇതാർക്ക് വേണ്ടിയാണോ?
അവൾ പിറുപിറുത്തുകൊണ്ടു അകത്തേക്ക് പോയി.
അവസാന മിനുക്ക് പണിയിലാണ് ഞാൻ.
നാളെ റോമൻ പടയാളികൾ എത്തുംമുൻപേ പണി തീർക്കണം.വേഗ ത്തിൽ ഞാൻ അറ്റകുറ്റങ്ങൾ തീർത്തു.
ഞാൻ പണിത കുരിശുകളിൽ ഏറ്റവും മനോഹരവും ,
ഭാരവും ,
വലിപ്പവും ഈ കുരിശിനു തന്നെ.

പണി മൊത്തം തീർന്നപ്പോൾ രാവേറെയായി..
രാത്രിയുടെ അരണ്ട വെളിച്ചത്തിൽ തിളങ്ങുന്ന പൈൻ മരകുരിശിനെ ഒരിക്കൽ കൂടി ഞാനൊന്നു നോക്കി.
ആ കുരിശിനു എന്നോട് എന്തൊക്കെയോ പറയണമെന്നുള്ളതു പോലെ.
അതിരാവിലെ പടയാളികൾ എത്തി.. ശക്തിയുള്ള നാല് കുതിരകളാണ്
ആ മരക്കുരിശു വലിച്ചു കൊണ്ടു പോയത്
അവർ തന്ന നാണയങ്ങൾ ഞാൻ
എണ്ണി നോക്കി…
ഇപ്പ്രാവശ്യം കൂടുതൽ ഉണ്ട്.. .
ഹൃദയം നിറഞ്ഞു.

ഇനി എന്നാണോ തന്റെ ക്രൂശു അവർ പ്രദർശനത്തിനു വെക്കുന്നതു?
എന്നും വീട്ടിൽ കരഞ്ഞു ബഹളമുണ്ടാക്കുന്ന മകനിന്ന് ശാന്തനായിരിക്കുന്നു..
അവന്റെ മുഖത്ത് ഒരു തിളക്കം.
അച്ഛാ ശിശുക്കളെ തടയരുത് സ്വർഗ്ഗരാജ്യം അങ്ങനെ ഉള്ളവരുടെതാണെന്ന് പറഞ്ഞു ഒരു ഗുരു എന്നെ അനുഗ്രഹിച്ചു .
.. ആ കൈകൾ എത്ര മനോഹരമാണെന്നോ…
അവിടെ രോഗികൾ സൗഖ്യമാകുന്നു.
വിധവകൾ സന്തോഷിക്കുന്നു..

അതേ ആർക്കും വേണ്ടാത്ത വരെയൊക്കെ ആ ഗുരു സ്നേഹിക്കുന്നു.
കുഷ്ഠരോഗികളെ അദ്ദേഹം ചേർത്തണയ്ക്കുന്നു.
മകനോടൊപ്പം ഭാര്യയും പറഞ്ഞു കൊണ്ടിരുന്നു.
ഓ.. എനിക്കാളെ മനസിലായി.
ലോകത്തിലെ ഏറ്റവും വലിയ വിപ്ലവകാരി..
അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും കൂട്ടി ചേർത്ത് സോഷ്യലിസം സ്ഥാപിക്കാൻ ഒരുങ്ങുന്നവൻ.
യഹൂദ പുരോഹിതന്മാർ .

ലോകം അവന്റെ പിന്നാലെയായി പോയി എന്ന് പിലാത്തോസു ചക്രവർത്തിയോട് പറഞ്ഞിരുന്നു.
അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
വെളിയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
നിന്റെ കുരിശുകൾ നാളെ കാൽവരി മലയിൽ പ്രദർശനത്തിനു വെക്കുന്നു..
എനിക്കു ഒരുപാട് സന്തോഷം തോന്നി.
പോകണം അതൊന്ന് കാണണം
കാരണം അത് ഞാൻ പണിത ക്രൂശാണ്.
സ്വയം അഭിമാനം തോന്നി.
അതിരാവിലെ യോർദ്ദാനദിയിൽ മുങ്ങി കുളിച്ചു.

കാൽവരിയിൽ പ്രദർശനത്തിനു വെച്ചിരിക്കുന്ന ക്രൂശു കാണാൻ തിടുക്കത്തിൽ നടന്നു.
എന്നാൽ
ജെറുശലേo പട്ടണം ചുവന്നിരിക്കുന്നു. പാതകളിൽ രക്തം തളം കെട്ടി കിടക്കുന്നു.
ഇതാരുടെ രക്തമാണ്.. ?
ആരോടോ ഞാൻ ചോദിച്ചു…
ആ വിപ്ലവകാരിയുടെ രക്തം.
ആശ്രയമില്ലാത്ത വരെ ചേർത്ത് നിർത്തിയ നസ്രേത്ത്കാരൻ
യേശുവിന്റെ രക്തം.
ആൾക്കൂട്ടത്തിൽ ആരോ എനിക്ക് മറുപടി തന്നു.
ഞാൻ കാൽവരിയുടെ ചുവട്ടിൽ എത്തി…
കടൽപോലെ ജനകൂട്ടം.

അതിനിടയിൽ ഞാനും നിന്നു.. എനിക്ക് നന്നായി കാണാം
ഞാൻ പണിത കുരിശു.
അതിൽ പിടയുന്ന വിപ്ലവകാരി.. … യേശു.
എന്റെ മകനെ അനുഗ്രഹിച്ചു
വിശന്നവർക്കാഹാരം വിളമ്പിയ
കൈകളിൽ നിന്നും ചോര ഇറ്റു വീഴുന്നു…
പിതാവേ ഇവരോട് ക്ഷമിക്കണമെ
എന്ന പ്രാർത്ഥന ഞാനും കേട്ടു..
ഇയാൾ നീതിമാനായിരുന്നു.

ആ റോമാ പടയാളിപോലും കരയുന്നു….
എനിക്കു തോന്നുന്നു മുപ്പതു വെള്ളി നാണയങ്ങൾക്ക്
നീതിമാനെ ഒറ്റികൊടുത്ത യൂദയെക്കാളും ദുഷ്ടൻ ഞാനാണെന്ന്…..
കാരണം ഞാനല്ലേ കുരിശു പണിതവൻ..
ഹൃദയം പിടഞ്ഞു…..
ഇനി ഞാൻ കുരിശു പണിയുകയില്ല. ..
എനിക്കാ പണം വേണ്ട.. കുറ്റംബോധം എന്നെ കാർന്ന് തിന്നുന്നു..
അടുത്ത് കണ്ട പാറപ്പുറത്ത് തല കുമ്പിട്ടു കരയുമ്പോൾ ഞാൻ ചുറ്റും കേൾക്കുന്നു..
കൂടുതൽ പണം തരാം നീതിന്മാന്മാരെ ക്രൂശിക്കുവാൻ
കുരിശുകൾ പണിതു തരാമോ?
എന്ന ചോദ്യം.
അസത്യങ്ങൾ ജീവിക്കട്ടെ
സത്യങ്ങൾ ക്രൂശിക്കപ്പെടട്ടെ… എന്ന ആരവം… ഇന്നും ഞാൻ കേൾക്കുന്നു.

ബിനോ പ്രകാശ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *