രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️
“നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിൻപുറം നൻമകളാൽ സമൃദ്ധം “
ഒരു കാലത്ത് ഇങ്ങിനെയായിരുന്നുവെങ്കിൽ ഇന്ന് നാടും നഗരവുമൊന്നും വ്യത്യാസമില്ലാതായി. വിവരസാങ്കേതിക വിദ്യയുടെ വളർച്ച ലോകത്തെയാകെ മാറ്റിമറിച്ചതിൻ്റെ അടയാളമായി നമുക്ക് ഈ മാറ്റത്തെ നോക്കിക്കാണാം.
ഇൻ്റർനെറ്റിൻ്റെയും മൊബൈൽ ഫോണിൻ്റെയും സുഗമമായ പ്രവർത്തനത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള ടവറുകളുടെ റേഡിയേഷൻ (വികിരണദോഷം) കാരണം പല ജീവികളും “റെഡ് ബുക്കിൽ ” ഇടം പിടിച്ചു കഴിഞ്ഞു.
അതിൽ പ്രധാനപ്പെട്ട ഒരു ജീവിയാണ് ചിത്രശലഭം. മഴവില്ലിൻ അഴകുകൾ ചാർത്തി ആകാശഗംഗയിലും പൂന്തോട്ടത്തിലെ പൂവുകൾക്കിടയിലും പാറി നടക്കുന്ന ചിത്രശലഭങ്ങൾ ….. നമ്മുടെ പൂമ്പാറ്റകൾ.
ഏതാണ്ട് രണ്ടായിരത്തി അമ്പതാമാണ്ട് ആവുന്നതോടുകൂടി ചിത്രശലഭങ്ങൾ എന്ന വർണ്ണവസന്തം ഈ ലോകത്തു നിന്ന് തന്നെ ഇല്ലായ്മ ചെയ്യപ്പെടുമെന്ന് പറയപ്പെടുന്നു. പക്ഷേ അന്ന്, നമ്മുടെ ഭാരതത്തിൻ്റേയും ലോകത്തിൻ്റെയും ആകാശനീലിമയിൽ “ചിത്രശലഭങ്ങളെപ്പോലെ “നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ചെറുവിമാനങ്ങൾ തലങ്ങും വിലങ്ങും പാറിപ്പറക്കുന്നുണ്ടായിരിക്കും.
ഈ രണ്ടായിരത്തി ഇരുപത്തിമൂന്നാമാണ്ടിൽ നമ്മുടെ നാട്ടിൽ ജനിച്ച “ജീവൻ ” എന്ന കുട്ടിയുടെ രണ്ടായിരത്തി അമ്പതാമാണ്ടിലെ ജീവിതം എങ്ങിനെയെന്ന് നമുക്ക് ഒന്ന് ചിന്തിച്ചു നോക്കാം. അതാണ് “ഭാവിയിലെ ചിത്രശലഭങ്ങൾ ” .
ജനാർദ്ദനൻ്റെയും വനിതയുടെയും ഏകമകനായിരുന്നു ജീവൻ.ജീവൻ്റെ ജീവനായ മകനെ അവർ ഏറെ സ്നേഹത്തോടെ ലാളിച്ചു വളർത്തി. പരമ്പരാഗതമായി വലിയ സാമ്പത്തികാവസ്ഥ ഉണ്ടായിരുന്ന ജീവൻ്റെ രക്ഷിതാക്കൾക്ക് പണം ഒരു പ്രശ്നമേ ആയിരുന്നില്ല. അതു കൊണ്ട് തന്നെ ജീവൻ്റെ പ്ലസ് ടു പഠനശേഷം അവനെ ക്യാനഡയിൽ അയച്ച് പഠിപ്പിച്ച് ഉന്നത നിലയിലെത്തിച്ചു.
പഠനശേഷം ജീവന് അമേരിക്കയിലെ ഒരു റോബോട്ടിക് കമ്പനിയിൽ രണ്ടായിരത്തി നാല്ത്തിയാറാമാണ്ടിൽ മികച്ച ജോലി ലഭിച്ചു.അതേ കമ്പനിയിൽ ജോലി ചെയ്യുന്ന, എന്നാൽ അവനേക്കാൾ ഒരു വയസ്സു കൂടുതലുള്ള ഡൽഹി സ്വദേശിനിയായ സുപ്രിയയുമായി ജീവൻ പ്രണയത്തിലായിരുന്നു. ജീവൻ തൻ്റെ രക്ഷിതാക്കളെ ഈ വിവരം അറിയിക്കുകയും, ഏകമകൻ്റെ എല്ലാ ഇഷ്ടങ്ങൾക്കും കൂട്ടുനിന്നിരുന്ന ജനാർദ്ദനും വനിതയും സുപ്രിയയുമായുള്ള അവൻ്റെ വിവാഹം കൊട്ടിഘോഷിച്ച് നടത്തിക്കൊടുക്കുകയും ചെയ്തു.
വിവാഹശേഷം രണ്ടു പേരും ജോലിയുടെ പ്രാധാന്യമുൾക്കൊണ്ട് അമേരിക്കയിലേക്ക് പോകുവാൻ തീരുമാനിച്ചു. ഒരു വർഷം കൊണ്ട് അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു.ഏറെ സന്തോഷത്തോടെ ജീവനും സുപ്രിയയും തങ്ങളുടെ രണ്ടു പേരുടെയും ആദ്യാക്ഷരങ്ങൾ കോർത്തിണക്കി അവന് “ജീസു” എന്ന് പേരുവിളിച്ചു.
അമ്പലത്തിലെ നിലവിളക്കിന് മുന്നിൽ വലിയ വ്യക്തിപ്രഭാവമുള്ളവരുടെ മടിയിൽ ഇരുന്നുകൊണ്ട് അരിയിൽ ആദ്യാക്ഷരം കുറിക്കുന്ന ശൈലിയൊക്കെ അപ്പോഴേക്കും അന്യമായിരുന്നു.അതു കൊണ്ട് തന്നെ “ജീസു” ആദ്യാക്ഷരം കുറിച്ചത് ഗൂഗിളിൻ്റെ രണ്ടായിരത്തി അമ്പതാമാണ്ടിലെ ഏറ്റവും പുതിയ വേർഷനിലായിരുന്നു.
അങ്ങിനെ ജീസു വിന് നാലു വയസ്സായി. അവൻ ഗൂഗിളിൽ അതുമിതുമൊക്കെ തിരയുമ്പോൾ സ്ക്രീനിൽ ” ബട്ടർഫ്ലൈസ് ” എന്ന ഒരു തലക്കെട്ടു കണ്ടു. അവൻ ആ തലക്കെട്ടിൽ കുത്തി പരിശോധന ആരംഭിച്ചു.അതിൽ പല വർണ്ണങ്ങളിലുള്ള സൗന്ദര്യമേറിയ നിരവധിയായ ചിത്രശലഭങ്ങളെ അവൻ കണ്ടു.
അതു കണ്ട് കൊണ്ട് വിസ്മയപൂർവ്വം താഴേക്ക് കൂടുതൽ സ്ക്രോൾ ചെയ്യുമ്പോൾ ആയിരക്കണക്കിനായ ചിത്രശലഭങ്ങളുടെ ചിത്രങ്ങൾ തൻ്റെ ലാപ് ടോപ്പ് സ്ക്രീനിൽ ജീസു കാണുകയുണ്ടായി.
തൻ്റെ അടുത്തിരുന്ന അച്ഛൻ ജീവനെ നോക്കി അവൻ ചോദിച്ചു.
ഡാഡീ ….. എന്താണ് ഈ ബട്ടർഫ്ലൈസ് എന്നുള്ളത്?
അത് പണ്ടുകാലത്ത് ജീവിച്ചിരുന്ന പൂമ്പാറ്റകൾ എന്ന ജീവിയാണ് എന്ന് ജീവൻ മറുപടി നല്കി. അവയെ ചിത്രശലഭങ്ങൾ എന്നും വിളിക്കും.
പണ്ടൊക്കെ വിവിധ വർണ്ണങ്ങളിലുള്ള ചിത്രശലഭങ്ങൾ ആകാശത്ത് പാറിപ്പറന്ന് വിസ്മയം തീർത്തിരുന്നു.ഇന്നവ ഇല്ലാതായിപ്പോയി. എന്നിട്ട് ജീവൻ ആകാശത്തേക്ക് വെറുതെ ഒന്ന് നോക്കി.
അപ്പോൾ ആകാശത്ത് തലങ്ങും വിലങ്ങുമായി ചെറുതും വലുതുമായ വിവിധ വർണ്ണത്തിലുള്ള വിമാനങ്ങൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. ജീവൻ മകനെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു – – – – – മോനേ, ആകാശത്തിൽ ഇന്ന് പല നിറങ്ങളിലുള്ള വിമാനങ്ങൾ പറക്കുന്നതു പോലെ പണ്ട് വിവിധ നിറങ്ങളിലുള്ള നൂറുകണക്കിന് ചിത്രശലഭങ്ങൾ പാറിപ്പറന്നിരുന്നു.
അപ്പോഴേക്കും ജീവൻ്റെ ഫോൺ റിംഗ് ചെയ്തു. അതിങ്ങ് കേരളത്തിലെ അവൻ്റെ നാട്ടിലെ അഗതിമന്ദിരത്തിൽ നിന്നായിരുന്നു. അച്ഛനെയും അമ്മയെയും നോക്കാൻ ആളില്ലാത്തതിനാൽ ജീവൻ അവരെ അഗതിമന്ദിരത്തിലാക്കിയിരുന്നു. അച്ഛന് അസുഖം കൂടിയതിനാൽ അച്ഛനെക്കാണാൻ വരുന്നുണ്ടോ എന്നന്വേഷിച്ച് അഗതിമന്ദിരത്തിലെ വാർഡൻ്റെ ഫോണായിരുന്നു അത്. ഇപ്പോൾ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞ് ജീവൻ ഫോൺ കട്ടു ചെയ്തു.
എന്നിട്ട് ഭാര്യ സുപ്രിയയോട് കാര്യം പറഞ്ഞു. നമുക്ക് ഒന്ന് നാട്ടിൽ പോയാലോ?
സുപ്രിയ രൂക്ഷ ഭാവത്തിൽ അവനെ ഒന്ന് നോക്കി. ആ നോട്ടത്തിൽ തന്നെ അവനുള്ള എല്ലാ ഉത്തരങ്ങളും ഉണ്ടായിരുന്നു.
അവൻ ഉടനെ തന്നെ തൻ്റെ ഫോണെടുത്ത് അഗതിമന്ദിരത്തിലേക്ക് വിളിച്ചു. തനിക്ക് വരാനാവില്ലെന്നും നിങ്ങൾ നല്ല ഒരു ഹോം നഴ്സിനെ നിർത്തിക്കൊളളു എന്നും പൈസ എത്രയായാലും പ്രശ്നമില്ലെന്നും പറഞ്ഞ് അവൻ ഫോൺ കട്ടു ചെയ്തു.
താനെന്ന “ജീവന് ” ജൻമം നല്കിയ അച്ഛനും അമ്മയും എന്ന സ്നേഹസമ്പന്നരായ ” ചിത്രശലഭങ്ങളെ ” മറന്നു കൊണ്ട്…. തൻ്റെ മടിയിൽ ഇരിക്കുന്ന മകൻ ജീസുവിനോട് അവൻ പറഞ്ഞു.
” ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്ന ചിത്രശലഭങ്ങൾ ഈ വിമാനങ്ങളാണ് “.