രചന : തോമസ് ബിനു പോൾ ✍️
മരണത്തെ മുഖാമുഖം കാണുകയെന്നത്
ഒരിക്കൽ മാത്രം സംഭവിക്കാവുന്ന ഒരു അപൂർവതയാണ്.
അങ്ങനെ സംഭവിക്കുമെങ്കിൽ
രണ്ട് സാധ്യതകളുണ്ട്.
ഒന്നുകിൽ മരിച്ചുകൊണ്ട് ഈ ലോകത്തോട്
തന്നെ വിട പറയാം
അല്ലെങ്കിൽ തലനാരിഴക്ക് രക്ഷപ്പെടാം.
പക്ഷേ മരണത്തിന് തന്നെയാണ് ഏറിയ പങ്കും സാധ്യത…
ഇനി അങ്ങനെയൊരു അപകടം നടക്കുകയും
ശേഷം ജീവിച്ചിരുന്നാലും
വീരമൃത്യു വരിച്ചവൻ്റെ സൽപ്പേര്
എനിക്ക് വന്ന് ചേരില്ല.
മരിച്ചു പോയാലോ…
എൻ്റെ വിധി ശോചനീയമെന്നും
ദൗർഭാഗ്യകരമെന്നും എഴുതപ്പെടും…
ജീവിച്ചിരുന്നാലോ അവനെ രക്ഷിച്ചല്ലോ
എന്ന് നന്ദിയോടെ എൻ്റെയാളുകൾ
ദൈവത്തെ സ്മരിക്കും.
2
ഇത് പറയുമ്പോൾ ദൈവമാണ്
എന്നെ രക്ഷിച്ചതെന്നോ
ദൈവത്തിൽ വിശ്വാസമുണ്ടോ,
ഇല്ലയോ എന്നതല്ല എൻ്റെ വിഷയം.
നിങ്ങൾ ദൈവത്തെ അറിഞ്ഞോ
അറിഞ്ഞില്ലയോ എന്നതാണ് പ്രധാനം.
ദൈവത്തെ അറിയുന്നത് സ്വാസ്ഥ്യം തരുമെങ്കിലും
ദൈവത്തെ അറിയുന്നില്ല എന്നത് ഒരു പരാജയമല്ല.
3
ഭാഗ്യം തുണയ്ക്കുന്നത് ഒരു
ദൈവത്തിൻ്റെയും കടാക്ഷവുമല്ല…
നിമിഷങ്ങളുടെ വ്യത്യാസത്തിലെ
തിടുക്കമോ വൈകലോ ആയിരിക്കാം
ഒരു ജീവനെ രക്ഷിക്കുന്നത്.
4
മരിക്കുന്നത് ഒരു കലയാണോ?
മരിച്ചുകൊണ്ടിരിക്കുന്നതോ?!
മരണം വേദനയല്ലെങ്കിൽ ശൂന്യതയാണോ?
ഞാൻ മരിച്ചിട്ടില്ലെങ്കിലും
എൻ്റെ മരണത്തെക്കുറിച്ച് ഒന്ന് പറയട്ടെ –
ഞാൻ മരിച്ചിരുന്നെങ്കിൽ
എന്നെ രസിക്കാത്തവർക്ക്
എന്നോട് അലിവ് തോന്നിയിരുന്നേനെ
(അത് എൻ്റെ ഒരു സങ്കല്പ്പം മാത്രമെങ്കിലും.)
അത് വീക്ഷിച്ചുകൊണ്ട്
എൻ്റെ കണ്ണുകൾ നിറഞ്ഞേനെ…
പക്ഷേ മരിച്ചു കഴിഞ്ഞാലും
കഥകളിലെ മോക്ഷം കിട്ടാത്ത
ആത്മാവായിരിക്കുമോ ഞാൻ?
എന്നിരുന്നാലും മരണാനന്തരമുള്ള
ജീവിതത്തിൽ എനിക്ക് ‘പ്രതീക്ഷയില്ല’…
ജീവിതത്തിൻ്റെ പാതകൾ
നീളുന്തോറും ദുസ്സഹമാകുന്നു.
ഓർമ്മകളുടെ ഭാരം എനിക്ക് മോക്ഷം തരുകയുമില്ല.
5
ഞാനൊരു തെറ്റ് ചെയ്തിരുന്നു.
സ്നേഹത്താൽ മുറിവേറ്റവനെ പോലെ
എനിക്ക് പ്രിയപ്പെട്ട
ഒരാളെ ഞാൻ വേദനിപ്പിച്ചു.
സ്നേഹാധിക്യം എന്നെ
അന്ധനാക്കിയത് കൊണ്ട്
ഞാൻ അവനോട് മാപ്പ് ഇരന്നില്ല.
എൻ്റെ അഹന്തയുടെ വീര്യം
എന്നെ അനുവദിച്ചതുമില്ല.
ഞങ്ങളുടെ വഴികൾ രണ്ടായി പിരിഞ്ഞു.
മീൻ പിടിക്കാനിടുന്ന ചൂണ്ട പോലെ
ഒരു പൊട്ടിയ കമ്പി എൻ്റെ വഴിയിൽ കുരുങ്ങി
അത് എവിടെ നിന്നു വന്നുവെന്നറിയാതെ
ഞാനാകെ ഉലഞ്ഞു.
എല്ലാം ഇവിടെയൊടുങ്ങുന്നു
എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു,
ഭയം തീരെ ഇല്ലാതെയുമല്ല.
എങ്കിലും ഞാൻ മരിച്ചിരുന്നില്ല.
പുതുജീവൻ കിട്ടിയവനെ
പോലെ ഉന്മാദിയുമായിരുന്നില്ല.
അങ്ങനെ യാത്രാമധ്യേ
എല്ലാം നഷ്ടമായവനെ പോലെ,
തല താണ് ഞാൻ എൻ്റെ
ജീവിതത്തിലേക്ക് തിരിച്ച് വന്നു.
ഇപ്പോഴും ഞാൻ അവനെ
എൻ്റെ ഇടനെഞ്ചിൽ സൂക്ഷിക്കുന്നു-
പശ്ചാത്താപത്തിൻ്റെ,
സ്നേഹാഭിലാഷത്തിൻ്റെ
കുരുക്കിൽ അകപ്പെട്ടുകൊണ്ട്..
എൻ്റെ സ്നേഹം അവന് ചുമന്നു
നടക്കേണ്ടുന്ന ഭാരമാണോ?
അറിയില്ല…
⚫