രചന : മേരി കുൻഹു ✍️
അമ്മയ്ക്ക് നല്ല
ചെവിടോർമ്മയാണ്.
പട്ടാമ്പിയിൽ തീവണ്ടി
കൂക്കുന്നതും
നിലം വിറയ്ക്കുന്നതും
നാട്ടുദൂരത്തിന്നപ്പുറത്തും
ഇരുൾപ്പരപ്പിന്നിപ്പുറത്തും
അമ്മ പതിവായി അറിയും.
എന്നും പറയും ,
കിടക്കപ്പായയിൽ
നടു നൂർക്കും നേരം……
ഒന്നു പോയി കാണാർന്നു.
അങ്ങനെയാണ്
മൊലക്കുട്ടീനെ
ഒക്കത്തെടുത്ത്
തട്ടിത്തടയുന്നോനെ
അപ്പൻ്റെ തോളത്തിരുത്തി
പിന്നൊരുത്തനെ
വല്ല്യേച്ചീടെ വിരലിൽതൂക്കി,
രണ്ടാമൻ വിരുതനെ
രാജാവാക്കി, കൈവീശിച്ച്
നാഴിക പന്ത്രണ്ടും താണ്ടി
പട്ടാമ്പിയിലെത്ത്യേതും
വാസൂൻ്റെ ചായപ്പീട്യേകേറി
വാഴയിലയില് കുത്തിയിട്ട
ചുട്ട പുട്ട് കടലച്ചാറിൽ കുഴച്ച്
ഉരുട്ടിക്കഴിച്ചതും
പാൽച്ചായ ഊതിയൂതി
പതുക്കനെ കുടിച്ചതും……
ഹായ് ! എത്തിപ്പോയ്!
തീവണ്ടിയാപ്പീസിൻ്റെ
സിമൻ്റിട്ട നിലത്തിരുന്ന്
അത്തളം പിത്തളം കളിച്ചതും
തീവണ്ടിയായി കൂക്കി
ഓടിക്കളിച്ചതും
ഇരുമ്പുതൂണിൽ ചാരി
കണ്ണടച്ചെണ്ണി
കള്ളനുംപോലീസും കളിച്ചതും;
ഒക്കെക്കഴിഞ്ഞവശമായ്
ഉറക്കംതൂങ്ങുമ്പോ-
ഴെത്തി തീവണ്ടി ഭൂലോക-
മാകെക്കുലുക്കി……
രാജാവ് പേടിച്ചോടി
അമ്മക്കു പിന്നിലൊളിച്ചു.
മൊലക്കുട്ടി അന്തംവിട്ട്
മണിക്കണ്ണും മിഴിച്ച് ഞെട്ടി.
അമ്മക്ക് കൗതുകം കൊണ്ട്
വീർപ്പുമുട്ടി….
മനുഷ്യബുദ്ധി
അത്ഭുതം അത്ഭുതം!
മടക്കത്തിന് പട്ടാമ്പിയിൽ
മലഞ്ചരക്കിറക്കി മടങ്ങുന്ന
കാളവണ്ടി ഒഴിഞ്ഞു കിട്ടി.
വണ്ടീലിരുന്നാടുമ്പോൾ
തെളിഞ്ഞു കിട്ടി
കുഞ്ഞു ബുദ്ധിയിൽ
നിറമുള്ള
ഒരു പുത്തനറിവ്
മനുഷ്യബുദ്ധി തന്നെ
സാക്ഷാൽ അത്ഭുതം…..
അതൊന്നുറക്കെ
തട്ടിവിട്ട നേരം
അപ്പൻ്റെ ചുണ്ടിലൊരു
ചിരിയുടെ പൂതലിപ്പ് ….
എന്നാലെന്തേ ……
കുഞ്ഞു മേരി
അറിവിൻ്റെ ആളായി!
